ഗര്‍ഭിണിയാക്കിയ കൗമാരക്കാരനെതിരെ പരാതിയില്ലെന്ന് 17-കാരി; ചികില്‍സ മുടക്കരുതെന്ന് കോടതി

ആശുപത്രികള്‍ ചികില്‍സ നിഷേധിച്ച 17-കാരിയായ ഗര്‍ഭിണിക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സാ സൗകര്യമൊരുക്കാന്‍ നിര്‍ദ്ദേശിച്ച് ബോംബെ ഹൈക്കോടതി. മുംബൈയിലെ സര്‍ക്കാര്‍ ആശുപത്രിയായ ജെജെ ആശുപത്രിയില്‍ പെണ്‍കുട്ടിക്ക് ചികില്‍സ നല്‍കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. ഗര്‍ഭിണിയാക്കിയ 17–കാരനെതിരെ പരാതി നല്‍കാത്തതിന്‍റെ പേരില്‍ ആശുപത്രിയില്‍ ചികില്‍സ നിക്ഷേധിക്കുന്നതായി കാണിച്ച് പെണ്‍കുട്ടി അമ്മ മുഖാന്തരം നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. 

17 കാരനുമായി പ്രണയത്തിലായ പെണ്‍കുട്ടി ഉഭയകക്ഷി സമ്മതപ്രകാരമായിരുന്നു ബന്ധമെന്ന് കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിക്ക് ചികില്‍സ നിഷേധിക്കുന്നത് ഭരണഘടനാ അവകാശങ്ങളുടെ നിഷേധമാകുമെന്ന് കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടിക്ക് മുംബൈയിലെ ജെജെ ആശുപത്രിയില്‍ ചികില്‍സ നല്‍കാമെന്ന് സര്‍ക്കാറിന് വേണ്ടി ഹാജരായ പൂര്‍ണിമ കാന്താരിയ കോടതിയെ അറിയിച്ചു. 

ആണ്‍കുട്ടിക്കെതിരെ പെണ്‍കുട്ടിക്ക് ക്രിമിനല്‍ നടപടിക്ക് താല്‍പര്യമില്ലെന്നുള്ള റിപ്പോര്‍ട്ട് ഹാജരാക്കാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. വെള്ളിയാഴ്ചയ്ക്കകം അഭിഭാഷകന്‍ മുഖേന പൊലീസില്‍ നിന്നുള്ള റിപ്പോര്‍ട്ട് ഹാജരാക്കണം. ഗര്‍ഭചിദ്രത്തിന് താല്‍പര്യമില്ലെന്നും പ്രസവത്തിന് ശേഷം കുട്ടിയെ ദത്തെടുക്കാന്‍ അനുവദിക്കണമെന്നും പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. 

Bombay High Court ordered to give medical assistance to pregnant teen