‘രാമക്ഷേത്രം സര്‍ക്കാര്‍ നേട്ടമോ?’; ഗുരുവിനെ ഉദ്ധരിച്ച് സഭയില്‍ റഹീമിന്റെ കന്നിപ്രസംഗം

ഇന്ത്യയെപ്പോലുള്ള ഒരു മതേതര രാജ്യത്ത് ഒരു സർക്കാരിന് എങ്ങനെയാണ് രാമക്ഷേത്രത്തെ തങ്ങളുടെ ഏറ്റവും വലിയ നേട്ടമായി ചിത്രീകരിക്കാൻ കഴിയുകയെന്ന ചോദ്യമുയര്‍ത്തി രാജ്യസഭയില്‍ എ.എ.റഹീം എംപിയുടെ കന്നി പ്രസംഗം. ശ്രീനാരാ.ണ ഗുരുവിന്റെ ചരിത്രപരമായ വാക്കുകള്‍ ഉദ്ധരിച്ചാണ് റഹീമിന്റെ പ്രസംഗം. രാഷ്ട്രപതി അദ്ദേഹത്തിന്റെ പ്രസംഗത്തിൽ അയോധ്യയിലെ പ്രാണപ്രതിഷ്ഠയെക്കുറിച്ച് വളരെ വാചാലയാവുകയായിരുന്നു. അത് ഈ സർക്കാരിൻ്റെ ഏറ്റവും വലിയ നേട്ടമായി ചൂണ്ടിക്കാണിക്കപ്പെട്ടു. ഈയൊരു സന്ദർഭത്തിൽ  ഭരണഘടനയുടെ ആമുഖം വായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. "ഇന്ത്യയിലെ ജനങ്ങളായ നാം, ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി രൂപീകരിക്കാൻ ദൃഢനിശ്ചയം ചെയ്യുന്നു".  

ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് ഞാൻ നിങ്ങളെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു– റഹീം പറഞ്ഞു. 

ഇന്ത്യയെപ്പോലുള്ള ഒരു മതേതര രാജ്യത്ത് ഒരു സർക്കാരിന് എങ്ങനെയാണ് രാമക്ഷേത്രത്തെ തങ്ങളുടെ ഏറ്റവും വലിയ നേട്ടമായി ചിത്രീകരിക്കാൻ കഴിയുക? ഈ പ്രത്യേക സന്ദർഭത്തിൽ, 1888-ൽ എൻ്റെ സ്വന്തം ജില്ലയിൽ ശ്രീനാരായണഗുരു നടത്തിയ ശിവപ്രതിഷ്ഠയെ ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു.  ആ ശിവപ്രതിഷ്ഠയ്ക്കു ശേഷം മേൽപ്പറഞ്ഞ മഹത്തരമായ മതേതരത്വത്തിന്റെയും മാനവികതയുടെയും സന്ദേശം ശ്രീനാരായണഗുരു കുറിച്ചുവെക്കുകയായിരുന്നു. 

 പ്രാണപ്രതിഷ്ഠയുടെ അതേ സമയം മധ്യപ്രദേശിൽ 3 ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെട്ടു. ഈ ആക്രമണം നൽകുന്ന സന്ദേശമെന്താണ്? സർ ഈ സർക്കാർ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്– റഹീം തുറന്നടിച്ചു. 

പ്രസംഗത്തിന്‍റെ പ്രസക്ത ഭാഗം ഇങ്ങനെ:  

രാഷ്ട്രപതിയുടെ അഭിസംബോധന രാജ്യത്തിൻ്റെ സാമൂഹിക യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത പൊള്ളയായ അവകാശവാദങ്ങളും ഊതിപ്പെരുപ്പിച്ച കണക്കുകളും നിറഞ്ഞ പ്രസംഗം മാത്രമായി മാറി.  നമ്മുടെ രാജ്യം ഇന്ന് എവിടെയാണെന്നും ഭാവിയിലേക്കുള്ള നയങ്ങൾ സർക്കാർ എങ്ങനെ രൂപപ്പെടുത്തുമെന്നും നയപ്രഖ്യാപനത്തിൽ പ്രതീക്ഷിച്ചിരുന്നു.

എന്നാൽ രാഷ്ട്രപതിയുടെ അഭിസംബോധന  സാരാംശവും ദിശാബോധവുമില്ലാത്ത ഒരു പൊള്ളയായ പ്രതിധ്വനിയായി മാറി. 31 പേജുള്ള തൻ്റെ പ്രസംഗത്തിൽ ഉടനീളം, ബഹുമാനപ്പെട്ട പ്രസിഡൻ്റ് ഒരിക്കൽ പോലും "തൊഴിലില്ലായ്മ" എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല.

നമ്മുടെ നാടിൻ്റെ ഇന്നത്തെ അവസ്ഥ എന്താണ്? സിഎംഐഇയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഒക്ടോബറിൽ തൊഴിലില്ലായ്മ നിരക്ക് 10.09 ശതമാനമായി ഉയർന്നു. വിദ്യാസമ്പന്നരായ യുവാക്കൾ തൊഴിലിനായി അലഞ്ഞു തിരിയുകയാണ് .

കഴിഞ്ഞ വർഷം ലക്ഷക്കണക്കിന് യുവാക്കൾക്ക് സർക്കാർ ജോലി നൽകി എന്നാണ് സർക്കാർ അവകാശപ്പെടുന്നത് . ഇത് റോസ്ഗർ മേളകളെക്കുറിച്ചാണെന്ന് പറഞ്ഞതെന്ന്  ഞാൻ പ്രതീക്ഷിക്കുന്നു. സാർ,ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ് റോസ്ഗർ മേളകളെന്ന് സർക്കാർ തന്നെ സമ്മതിച്ചില്ലേ? എൻ്റെ സ്വന്തം അനുഭവം ഞാൻ ഇവിടെ സൂചിപ്പിക്കുന്നു , രാജ്യസഭയിൽ  റോസ്ഗാർ മേളകളെ കുറിച്ച് ഞാൻ ചോദിച്ചപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ ചുമതലയുള്ള മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് രാജ്യസഭയുടെ 260-ാം സെഷനിൽ രേഖാമൂലം മറുപടി നൽകിയത് , പുതിയതായി ഒരു തസ്തികയും സൃഷ്ടിച്ചിട്ടില്ല എന്നും , നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുക  മാത്രമാണ് ചെയ്തത് എന്നുമാണ്.

സാർ, ഇതാണ് യാഥാർത്ഥ്യം. കേന്ദ്രസർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. സാർ,

തൊഴിലില്ലായ്മ, അണ്ടര്‍ ഡെവലപ്മെന്‍റ് , തൊഴിലാളികളുടെ കരാർവൽക്കരണം എന്നിവയാണ് ഇന്ത്യൻ യുവാക്കൾ നേരിടുന്ന 3 പ്രധാന തിന്മകൾ. അഗ്നിപഥ് പദ്ധതി കരാർവൽക്കരണത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. കരസേനയുടെ റിക്രൂട്ട്‌മെൻ്റ് പോലും കരാർ പ്രകാരമായി മാറിയിരിക്കുന്നു .

സ്ഥിര നിയമനങ്ങൾക്ക് പകരം, ബാങ്കിംഗ് മേഖലയിലും ഇൻഷുറൻസ് മേഖലയിലും റെയിൽവേയിലും പൊതുമേഖലാ സ്ഥാപനങ്ങളിലും  കരാർ തൊഴിലാളികളെ സർക്കാർ റിക്രൂട്ട് ചെയ്യുന്നു. നരേന്ദ്ര മോദി സർക്കാർ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ല എന്നുമാത്രമല്ല സ്ഥിരം ഒഴിവുകൾ നികത്താനും ഉദ്ദേശിക്കുന്നില്ല.

ഇന്ത്യൻ യുവാക്കൾക്ക് ഇത് ‘അമൃത കാലം ’ അല്ല, ഇത് മൃതകാലമാണ്.  കരാർവൽക്കരണം നിർത്തി യുവാക്കൾക്ക് സ്ഥിരമായ ജോലി ഉറപ്പാക്കണമെന്ന് ഞാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. സാർ,

ഇനി ഞാൻ Gig Economy യിലേക്ക് വരുന്നു

തൊഴിലില്ലായ്മ കൊണ്ട് വീർപ്പുമുട്ടുന്ന ഇന്ത്യയിലെ അഭ്യസ്തവിദ്യരായ ധാരാളം യുവാക്കൾ ഗിഗ് സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാണ്.

നല്ല വിദ്യാഭ്യാസമുള്ള യുവാക്കൾ സ്വിഗ്ഗി, സൊമാറ്റോ, യൂബർ തുടങ്ങിയ കമ്പനികളിലും മറ്റ് അസംഘടിത മേഖലകളിലും കുറഞ്ഞ കൂലിക്ക് ജോലി ചെയ്യുന്നു.  മഴയും വെയിലും തണുപ്പും   കണക്കിലെടുക്കാതെ അവർ തെരുവുകളിൽ ജോലി ചെയ്യുന്നു .  അത്തരം ഗിഗ് തൊഴിലാളികളെക്കുറിച്ച് ഒരു പരാമർശവും അഭിസംബോധനയിൽ ഇല്ല .

അവരുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതികളോ സ്കീമുകളോ ഇല്ല.  സർ, ഇത് അമൃത് കാലമല്ല, ഇന്ത്യൻ യുവതയുടെ മൃത കാലമാണ് . രാജ്യത്ത് പണപ്പെരുപ്പം ക്രമാതീതമായി വർദ്ധിക്കുകയാണ്.  NSO ഡാറ്റ പ്രകാരം ഇന്ത്യയിലെ റീട്ടെയിൽ പണപ്പെരുപ്പം 5.69% ആയി ഉയർന്നു. മാത്രമല്ല, നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിൽ പണപ്പെരുപ്പം കൂടുതലാണ്.

പച്ചക്കറികളും ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില ഉയരാൻ ഇത് കാരണമായി. അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ കേന്ദ്രസർക്കാർ പൂർണമായും പരാജയപ്പെട്ടു.

സർ, ദരിദ്രർ അതി  ദരിദ്രരായി മാറുകയാണ്. ആഗോള പട്ടിണി സൂചികയിൽ രാജ്യം 111-ാം സ്ഥാനത്തായിരിക്കുമ്പോഴും ഇത് ഒരു "അമൃത കാലമാണ് " ആണെന്ന് സർക്കാർ അവകാശപ്പെടുന്നത് അങ്ങേയറ്റം  ലജ്ജാകരമാണ്. സാർ, വിലക്കയറ്റത്തെ കുറിച്ച് പറയുമ്പോൾ പെട്രോളിനും ഗ്യാസിനെയും പറ്റി എങ്ങനെയാണ് പറയാതിരിക്കുക?

ലിറ്ററിന് 97 രൂപയാണ് ഇന്നത്തെ പെട്രോൾ വില. കോൺഗ്രസിൻ്റെ നേതൃത്വത്തിലുണ്ടായിരുന്ന യുപിഎ സർക്കാർ പെട്രോളിൻ്റെ വില നിർണ്ണയ സംവിധാനം നീക്കിയ സമയം നിങ്ങളെ ഓർമിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അക്കാലത്ത്, ആ നിയന്ത്രണങ്ങൾ നീക്കുന്ന നയത്തിനെതിരെ ബിജെപി എന്തൊക്കെ പ്രതിഷേധങ്ങളാണ്  സംഘടിപ്പിച്ചത്.

മഹാരാഷ്ട്രയെ പ്രതിനിധീകരിച്ചുള്ള  അംഗമായ മന്ത്രി വി മുരളീധരൻ കേരളത്തിൻ്റെ തലസ്ഥാനത്ത്  കാളവണ്ടി പ്രതിഷേധം പോലും സംഘടിപ്പിച്ച  വൈറലായ ദൃശ്യം ഇപ്പോൾ ഞാൻ ഓർക്കുന്നു! സർ, പക്ഷേ അവർ അധികാരത്തിൽ വന്നപ്പോൾ ഡീസലിൻ്റെ വില നിശ്ചയിക്കാനുള്ള സംവിധാനം കൂടി  എടുത്തുകളഞ്ഞു.

സാർ, ഈ ബജറ്റ് ദിനത്തിലും വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില 15 രൂപ വർദ്ധിച്ചു. 2014 മുതലുള്ള അമൃത് കാലത്ത്  പെട്രോൾ, ഡീസൽ, ഗ്യാസ് സൈക്ലിണ്ടറുകൾ എന്നിവയുടെ വില എത്ര മടങ്ങ് വർധിച്ചു, എത്ര ശതമാനം വർദ്ധിച്ചു എന്ന് പറയാൻ സർക്കാരിന് ധൈര്യമുണ്ടോ? സാർ,

2014 മുതൽ സാധാരണക്കാരുടെ ജീവിതച്ചെലവ് അനുദിനം കുതിച്ചുയരുകയാണ്. ഇത് സാധാരണക്കാരുടെ  അമൃത കാലമല്ല. ഇതൊരു മൃത കാലമാണ്. സാർ,  പെട്രോളും ഡീസലും പോലെ, ഈ 56 ഇഞ്ച് സർക്കാരിന് വിമാനക്കൂലിയിലും  യാതൊരു നിയന്ത്രണവുമില്ല.

ഇന്ത്യൻ സ്വകാര്യ വിമാനക്കമ്പനികൾ ആഭ്യന്തര യാത്രക്കാരെയും പ്രവാസികളെയും  കൊള്ളയടിക്കുന്നു. ഈ 56 ഇഞ്ച് സർക്കാർ ഇത് കാണുമ്പോൾ സാധാരണക്കാരെ നോക്കി കൈകൊട്ടി ചിരിക്കുന്നു. പെട്രോളിൻ്റെ വിലയിൽ സർക്കാരിന് നിയന്ത്രണമില്ല, ഡീസൽ വിലയിൽ അവർക്ക് നിയന്ത്രണമില്ല, വിമാനക്കൂലിയിൽ അവർക്ക് നിയന്ത്രണമില്ല.

സാധാരണക്കാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഒന്നിലും അവർക്ക് നിയന്ത്രണമില്ല.  ചുരുക്കത്തിൽ പറഞ്ഞാൽ അവർ നാധിപത്യത്തിൻ്റെ മന്ത്രം തിരുത്തിയെഴുതുകയാണ്. 

ജനങ്ങളാൽ

ജനങ്ങൾക്ക് വേണ്ടി

ജനങ്ങളുടെ ഭരണം എന്നത്  കോർപ്പറേറ്റുകളാൽ 

കോർപ്പറേറ്റുകൾക്ക് വേണ്ടി 

കോർപ്പറേറ്റുകൾ നടത്തുന്ന ഭരണമായി ഇത് മാറി. സർ, പ്രതിപക്ഷം  നയിക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ അപ്രഖ്യാപിത സാമ്പത്തിക അടിയന്തരാവസ്ഥ നടപ്പാക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി അവരെ സാമ്പത്തികമായി വിലങ്ങിടുന്നു !   എൻസിആർബിയുടെ കണക്കുകൾ പ്രകാരം രാജ്യത്ത് ഓരോ മണിക്കൂറിലും 51 സ്ത്രീകൾ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെടുന്നു. 

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരായി പരേഡ് നടത്തിയപ്പൊഴും സർക്കാർ മൗനം പാലിച്ചു. ബിൽക്കിസ് ബാനോയുടെ കേസിൽ എന്താണ് സംഭവിച്ചതെന്ന് നമ്മൾ കണ്ടതാണ്.

2002ലെ ഗുജറാത്ത് കലാപത്തിനിടെ ബാനോ കൂട്ടബലാത്സംഗം ചെയ്യപ്പെടുകയും  അവരുടെ ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികൾക്ക് ഇളവ് നൽകാനുള്ള ഗുജറാത്ത് സർക്കാരിൻ്റെ തീരുമാനം ബഹുമാനപ്പെട്ട സുപ്രീം കോടതി റദ്ദാക്കി.

എൻ്റെ രാജ്യത്തിൻ്റെ മതേതരഘടനയുടെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവത്തെക്കുറിച്ചുള്ള ആശങ്കകൾ പ്രകടിപ്പിച്ചുകൊണ്ട് ഞാൻ എൻ്റെ പ്രസംഗം ആരംഭിച്ചു. മതേതരത്വവും ബഹുസ്വരതയും നമ്മുടെ രാജ്യത്തിൻ്റെ ആത്മാവാണ്. അത് നശിപ്പിക്കാൻ ശ്രമിക്കരുത്.

സ്വാതന്ത്രത്തിന് ശേഷം എന്തുകൊണ്ടാണ് ഇന്ത്യ ഒരു മതരാഷ്ട്രമായി മാറാഞ്ഞത്? 

അതിന് ഒരേയൊരു കാരണം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ മതേതര സത്തയാണ്