പരിചയ സമ്പത്തും യുവത്വവും സമാസമം; പരമാവധി സീറ്റുപിടിക്കാന്‍ സിപിഎം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ പിടിക്കാന്‍ യുവാക്കള്‍ക്കൊപ്പം പരിചയസമ്പന്നരെയും കളത്തിലിറക്കാന്‍ സിപിഎം. നിലവിലെ രണ്ട് രാജ്യസഭാ എം.പിമാരെ ലോക്സഭയിലേക്ക് മത്സരിപ്പിക്കുന്നതും പരിഗണനയിലുണ്ട്. ആലത്തൂരില്‍ മന്ത്രി കെ.രാധാകൃഷ്ണനെ അല്ലെങ്കില്‍ പുതുമുഖത്തെ ഇറക്കാനാണ് സാധ്യത. അടുത്ത കേന്ദ്രകമ്മിറ്റിയോഗത്തിന് ശേഷം ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് ഔദ്യോഗികമായി സിപിഎം തുടക്കമിടും. 27, 28, 29 തീയതികളിലായാണ് പി.ബി, സി.സി യോഗങ്ങള്‍. 

നിര്‍ണായക ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ പോലെ പുതുമുഖങ്ങളെ കൂട്ടത്തോടെ ഇറക്കേണ്ട എന്നാണ് സി.പി.എം തീരുമാനം. മുതിര്‍ന്ന നേതാക്കളെ കൂടി ഇറക്കി പരമാവധി സീറ്റുകള്‍ തിരിച്ചുപിടിക്കണമെന്നാണ് നേതൃത്വത്തില്‍ ധാരണയായിരിക്കുന്നത്. പി.ബി.അഗം എ.വിജയരാഘവന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.എം തോമസ് ഐസക്, പി.കെ.ശ്രീമതി, എളമരം കരീം, കെ.കെ ശൈലജ, മന്ത്രി കെ.രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് ചര്‍ച്ചകളില്‍ സജീവം. പാലക്കാട് സീറ്റിലാണ് എ.വിജയരാഘവന്‍റെ പേര് ഉയരുന്നത്. ഇവിടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജിന്‍റെ പേരും പറയുന്നുണ്ട്. 

പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള തോമസ് ഐസക് അവിടത്തെ പരിപാടികളില്‍ സജീവമാണ്. എന്നാല്‍ ആലപ്പുഴയില്‍ ആരിഫിന് രണ്ടാം അവസരം വേണ്ടെന്ന് തീരുമാനിച്ചാല്‍  ഐസക് സ്ഥാനാര്‍ഥിയാകാനുള്ള സാധ്യതയുമുണ്ട്. ഐസക് ആലപ്പുഴയില്‍ വന്നാല്‍ പത്തനംതിട്ടയില്‍ സാധ്യത സംസ്ഥാന സമിതിയംഗവും റാന്നി മുന്‍ എം.എല്‍.എയുമായ രാജു ഏബ്രഹാമിനാണ്. കണ്ണൂരില്‍ കേന്ദ്രകമ്മിറ്റിയംഗങ്ങളായ പി.കെ.ശ്രീമതി, കെ.കെ.ശൈലജ ഇവരിലൊരാള്‍ക്ക് സാധ്യത പറയുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യയ്ക്ക് കണ്ണൂരും കാസര്‍കോടും സാധ്യത കല്‍പിക്കുന്നുണ്ട്. കാസര്‍കോട് സംസ്ഥാന സമിതിയംഗം ടി.വി.രാജേഷിനും സാധ്യത കല്‍പിക്കപ്പെടുന്നു. വടകരയിലും കെ.കെ.ശൈലജയുടെ പേര് ഉയരുന്നുണ്ട്. കേന്ദ്രകമ്മിറ്റിയംഗവും രാജ്യസഭാ എം.പിയുമായ എളമരം കരീമിനെ ഇറക്കി കോഴിക്കോട് പിടിക്കാനും ആലോചനയുണ്ട്.  എ.എ.റഹീമിന്‍റെ പേര് ആറ്റിങ്ങലില്‍ ജില്ലാ സെക്രട്ടറി വി.ജോയിക്കൊപ്പം കേള്‍ക്കുന്നു. 

ആലത്തൂര്‍ തിരികെ പിടിക്കാന്‍ മന്ത്രി കെ.രാധാകൃഷ്ണനെ ഇറക്കണമെന്ന ചിന്ത നേതൃത്വത്തില്‍ പലര്‍ക്കുമുണ്ട്.

പുതുമുഖത്തെ പരീക്ഷിക്കണമെന്നും അഭിപ്രായമുണ്ട്. അങ്ങനെയെങ്കില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ.വാസുവിന് നറുക്ക് വീണേക്കും. കൊല്ലത്ത് മുന്‍ എം.എല്‍.എ അയിഷ പോറ്റി, എറണാകുളത്ത് മേയര്‍ എം.അനില്‍കുമാര്‍, മലപ്പുറത്ത് വി.പി സാനു, പൊന്നാനിയില്‍ കെ.ടി ജലീല്‍, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ് എന്നീ പേരുകളാണ് പ്രാഥമികമായി പറയുന്നത്. ചാലക്കുടിയില്‍ മുന്‍മന്ത്രി സി.രവീന്ദ്രനാഥ്, ജെയ്ക് സി.തോമസ്, മുന്‍ എംഎല്‍എ ബി.ഡി ദേവസി എന്നിവര്‍ക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നു. വനിതാ ബില്ല് യാഥാര്‍ഥ്യമായതോടെ അത് പ്രചാരണ വിഷയമാകുമെന്ന് കണ്ട് വനിതാ പ്രാതിനിധ്യം ഉയര്‍ത്തുന്നതും നേതൃത്വത്തിന്‍റെ ആലോചനയിലുണ്ട്.

CPM aims good mix of youth and experience for upcoming Lok sabha polls

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.

Enter AMP Embedded Script