ആദ്യമായി തരൂര്‍ നടുത്തളത്തില്‍; സസ്പെന്‍ഷന്‍ പ്രവചിച്ച് പോസ്റ്റും

ലോക്‌സഭയിൽ വീണ്ടും പ്രതിപക്ഷ എംപിമാർക്ക് സസ്‌പെൻഷൻ ഉത്തരവിറങ്ങിയതിന് പിന്നാലെ ശശി തരൂര്‍ എംപിയുടെ പോസ്റ്റ് വൈറലാകുന്നു. പ്രതിഷേധത്തിനിറങ്ങുന്നതിനു തൊട്ടുമുന്‍പായിരുന്നു തരൂരിന്റെ പോസ്റ്റ്. സസ്‌പെൻഷനുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിന് ഇറങ്ങിയാല്‍ തനിക്കും സസ്‌പെൻഷൻ ലഭിച്ചേക്കാമെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. തന്‍റെ ജീവിതത്തില്‍ ആദ്യമായാണ് പാർലമെന്‍റിന്‍റെ നടുത്തളത്തിലേക്ക്  പ്ലക്കാർഡുമായി ഇറങ്ങുന്നതെന്നും ഇതിന്‍റെ ഫലമായി തനിക്കും ചിലപ്പോള്‍ സസ്‌പെന്‍ഷന്‍ ലഭിച്ചേക്കാമെന്നുമായിരുന്നു തരൂരിന്‍റെ പോസ്റ്റ്. അത്തരത്തില്‍ സസ്പെന്‍ഷന്‍ ലഭിച്ചാല്‍ യാതൊരു ന്യായീകരണവുമില്ലാത്ത സംഭവത്തെ ചോദ്യം ചെയ്തതിനു ലഭിച്ച അംഗീകാരമായി സസ്പെന്‍ഷനെ താന്‍ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ശശി തരൂരിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം:

എന്‍റെ 15 വർഷത്തെ പാർലമെന്‍ററി ജീവിതത്തിനിടെ പാർലമെന്‍റിന്‍റെ നടുത്തളത്തിലേക്ക് പ്രതിഷേധത്തിനായി പ്ലക്കാർഡുമായി ഇറങ്ങുകയാണ്. പാർലമെന്‍റിലെ സുരക്ഷാവീഴ്ചയിൽ ചർച്ച ആവശ്യപ്പെട്ടാണ് പ്രതിഷേധം. സഹപ്രവർത്തകർ‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രതിഷേധം. സുരക്ഷാവീഴ്ചയെ ചോദ്യം ചെയ്തതിനുള്ള സസ്‌പെൻഷൻ ന്യായീകരിക്കാനാകില്ല. എനിക്കും സസ്‌പെൻഷൻ നേരിട്ടേക്കാം. അത് യാതൊരുവിധ ന്യായീകരണവുമില്ലാത്ത സംഭവത്തെ ചോദ്യം ചെയ്തതിനുള്ള അംഗീകാരമായാണ് കണക്കാക്കുന്നത്.

ലോക്‌‌സഭയിൽ നിന്ന് 49 എംപിമാരെക്കൂടി സസ്‌പെൻഡ് ചെയ്തതോടെ ആകെ 141 എംപിമാരാണ് സസ്‍‌പെൻഡ് ചെയ്യപ്പെട്ടത്.  രാവിലെ ലോക്‌സഭാ സമ്മേളനം ചേർന്നപ്പോൾ തന്നെ പ്രതിപക്ഷം ബഹളം ഉണ്ടാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിൽ പങ്കെടുക്കണം, ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്‌ക്കണം തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചായിരുന്നു പ്രതിഷേധം.