അണ്ണാ ഡി.എം.കെയില്‍ ഇനി എന്ത്?; അധികാര തർക്കം മുറുകുന്നു

സിംഗിള്‍ ബെഞ്ച്  ഒ.പനീര്‍സെല്‍വത്തിനൊപ്പം. ഡിവിഷന്‍ ബെഞ്ച് എടപ്പാടി പളനിസാമിയുടെ വേവലാതികള്‍ കേള്‍ക്കുക. സമീപകാലത്തൊന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ഉരുണ്ടുകൂടാത്ത പ്രതിസന്ധികളിലൂടെയാണ് തമിഴ്നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടിയായ അണ്ണാ ഡി.എം.കെ കടന്നുപോകുന്നത്. പാര്‍ട്ടിയുടെ ഭാവി തന്നെ ചോദ്യത്തിലാക്കുന്നത്രയും ആഴത്തിലുള്ള നേതൃത്വ തര്‍ക്കം നിയമപോരാട്ടങ്ങളിലൂടെ കടുക്കുകയാണ്

സിംഗിള്‍ ബെഞ്ച് വിധി... ഒ.പനീര്‍സെല്‍വത്തിന്റെ വീടിനു മുന്നില്‍ ലെഡു വിതരണം

ഓഗസ്റ്റ് 17 മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജയമോഹന്‍ അണ്ണാ ഡി.എം.കെയിലെ അധികാര തര്‍ക്കം സംബന്ധിച്ച് ആദ്യം വിധി പറഞ്ഞു. പുറത്താക്കിയതു ചോദ്യം ചെയ്തു ഒ.പനീര്‍സെല്‍വമെന്ന മുന്‍ പാര്‍ട്ടി കോര്‍ഡിനേറ്റര്‍ നല്‍കിയ ഹര്‍ജി അനുവദിച്ചായിരുന്നു ജസ്റ്റിസ് ജയമോഹന്‍റെ വിധി. ജൂലൈ 11 നു ചേര്‍ന്ന അണ്ണാഡി.എംകെ. ജനറല്‍ കൗണ്‍സിലും കൗണ്‍സിലിന്റെ തീരുമാനങ്ങളും റദ്ദാക്കി. ഒ.പനീര്‍സെല്‍വം പാര്‍ട്ടി കോര്‍ഡിനേറ്ററും എടപ്പാടി പളനിസാമി ജോയിന്റെ കോര്‍ഡിനേറ്ററുമായ  ഇരട്ട നേതൃത്വം തുടര്‍ന്നും നിലനില്‍ക്കുെമന്നു വിധി പറഞ്ഞു. കൂടാതെ ഇനിയൊരു ജനറല്‍ കൗണ്‍സില്‍ യോഗം ചേരണമെങ്കില്‍ ഒരുമാസം മുന്‍പ് നോട്ടീസ് നല്‍കണം. കോര്‍ഡിനേറ്ററുെടയും ജോയിന്റ് കോര്‍ഡിനേറ്ററുടെയും ഒപ്പില്ലാതെ യോഗം വിളിക്കാന്‍ കഴിയില്ല. വര്‍ഷത്തില്‍ ഒരുതവണ മാത്രമേ യോഗം വിളിക്കാന്‍ കഴിയൂവെന്നും ജസ്റ്റിസ് ജയമോഹന്‍ വിധിയില്‍ വ്യക്തമാക്കി. ഇതോടെ ഒ. പനീര്‍സെല്‍വം പാര്‍ട്ടി കോര്‍ഡിനേറ്ററായി തിരിച്ചത്തി. ജനറല്‍ കൗണ്‍സിലിലെ 98 ശതമാനം പേരും എടപ്പാടി പളനിസാമിക്കൊപ്പമായിട്ടും ഒ. പനീര്‍സെല്‍വം സര്‍വാധികാരിയായി.

എടപ്പാടി  പളനി വിഭാഗം ഡിവിഷന്‍ ബെഞ്ചില്‍

വിധിയെ ചോദ്യം ചെയ്തു തൊട്ടടുത്ത ദിവസം എടപ്പാടി പളനിസാമി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. ജസ്റ്റിസുമാരായ ദുരൈസാമി, സുന്ദര്‍ മോഹന്‍ എന്നിവരാണു ഹര്‍ജിയില്‍ വാദം കേട്ടത്. ഓഗസ്റ്റ് 17 ലെ വിധി നിമയ വിരുദ്ധമാണെന്നായിരുന്നു എടപ്പാടി പളനിസാമി കോടതിയില്‍ വാദിച്ചത്. പാര്‍ട്ടിയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ കോടതിക്കു പരിമിതിയുണ്ടെന്നും സമാന കേസുകളില്‍ മുന്‍പ് വിവിധ കോടതികള്‍ പുറപ്പെടീപ്പിച്ച ഉത്തരവുകള്‍ സഹിതം എടപ്പാടി വാദിച്ചു. കൂടാതെ 2300 ജനറല്‍ കൗണ്‍സില്‍ അംഗങ്ങളില്‍ 2190 പേര്‍ ആവശ്യപ്പെട്ടിട്ടാണു യോഗം വിളിച്ചതെന്നും ഇതെങ്ങനെ നിയമവിരുദ്ധമാകുമെന്നും  വാദം ഉയര്‍ത്തി. ഈവാദങ്ങള്‍ ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാകി

പാലഭിഷേകവുമായി വിധി കൊണ്ടാടി എടപ്പാടി പളനിസാമി പക്ഷം

വിധി വന്നതിനു പിറകെ ഗ്രീന്‍വേയ്സ് റോഡിലെ പ്രതിപക്ഷ നേതാവിന്റെ വീടിനു മുന്നില്‍ ആഘോഷം തുടങ്ങി. എടപ്പാടി പളനിസാമി മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്നില്ലെങ്കിലും നേതാക്കന്‍മാര്‍ തരാതരം പോലെ മാധ്യമങ്ങളെ കണ്ടു. മധുരം വിതരണം ചെയ്തു. എം.ജി.ആറിന്റെയും ജയലളിതയുടെയും ഇ.പി.എസിന്റെയും ചിത്രങ്ങളില്‍ പാലഭിഷേകം നടത്തി

ഒ.പി.എസിനെ കൂടെ കൂട്ടുന്ന പ്രശ്നം ഉദിക്കുന്നില്ല–ഡി.ജയകുമാര്‍‌

മുന്‍ ഫിഷറീസ് വകുപ്പ് മന്ത്രിയും മുതിര്‍ന്ന നേതാവുമായി ഡി.ജയകുമാര്‍ മനോരമ ന്യൂസിനോട് വ്യക്തമാക്കിയത് ഒരേരു കാര്യമാണ്. ഓഗസ്റ്റ് 17 വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. അതായത് ജൂലൈ 11ലെ ജനറല്‍ കൗണ്‍സില്‍ യോഗം ശരിയാണെന്നു കോടതി വ്യക്തമാക്കിയിരിക്കുയാണ്. എടപ്പാടി പളനിസാമിയാണ് ഇനി പാര്‍ട്ടി ജനറല്‍ സെക്രട്ടറി. പാര്‍ട്ടി കോര്‍ഡിനേറ്ററായ ഒ. പനീര്‍സെല്‍വത്തെ പുറത്താക്കിയതിനു കോടതി കൂടി അംഗീകരാം നല്‍കി. ഇനി അവരുമായി ഒരുതരത്തിലുള്ള സന്ധിയുമില്ല. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് വിധി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്നു ഒ. പനീര്‍സെല്‍വം വ്യക്തമാക്കി

ആരുടെ പാര്‍ട്ടി

നിലവില്‍ അണ്ണാ ഡി.എംകെയുടെ നേതൃത്വം ഏറ്റെടുക്കാന്‍ ത്രികോണ മല്‍സരമാണു നടക്കുന്നത്. ഒരുഭാഗത്ത് ഏതാണ്ട് മുഴുവന്‍ പേരെയും കയ്യിലെടുത്ത എടപ്പാടി. നിമയവഴിയില്‍ തനിക്ക് അനുകൂല തീരുമാനമുണ്ടാകുമെന്നു പറയുന്ന ജയലളിതയുടെ വിനീതദാസന്‍ ഒ. പനീര്‍സെല്‍വം. പനീര്‍സെല്‍വത്തെയും എടപ്പാടി പളനിസാമിയെയും എം.എല്‍.എമാരാക്കിയ ,രാഷ്ട്രീയം പഠിപ്പിച്ച ചിന്നമ്മ വി.കെ ശശികലയാണ് മൂന്നാമത്തെ ആള്‍. സുപ്രീം കോടതി വിധിക്കു ശേഷമേ ആര്‍ക്കാണ് ഉടമസ്ഥത എന്നതില്‍ അന്തിമ തീരുമാനം ഉണ്ടാകൂ. കോടതി വിധി അനുകൂലമാകുന്നവര്‍ സ്വഭാവികമായും പാര്‍ട്ടിയുടെ നിയമപരമായ ഉടമസ്ഥത തേടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. കമ്മീഷനാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്.