വോട്ടറുടെ തുണി അലക്കി സ്ഥാനാർഥി; എല്ലാവര്‍ക്കും വാഷിങ് മെഷീൻ വാഗ്ദാനം

തിരഞ്ഞെടുപ്പ് ആയതോടെ ജനങ്ങളെ കയ്യിലെടുക്കാൻ പലതരം പ്രചാരണ തന്ത്രങ്ങളാണ് സ്ഥാനാർഥികൾ നടത്തുന്നത്. വനിതാ വോട്ടറുടെ വസ്ത്രങ്ങൾ അലക്കി വോട്ട് അഭ്യർഥിക്കുകയാണ് ഒരു സ്ഥാനാർഥി. തമിഴ്നാട്ടിലെ നാഗപട്ടണം മണ്ഡലത്തിലെ എഐഎഡിഎംകെ സ്ഥാനാർത്ഥി തങ്ക കതിരവനാണ് വ്യത്യസ്ത രീതിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയത്.

പ്രകടനം. വണ്ടിപ്പേട്ടയിൽ ഓരോ വീട്ടിലും കയറി വോട്ട് തേടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് സമീപത്ത് ഒരു സ്ത്രീ അലക്കുന്നത് സ്ഥാനാർത്ഥിയുടെ ശ്രദ്ധയിൽപെട്ടത് ഉടനെ തന്നെ സ്ത്രീയുടെ സമീപത്ത് ചെന്ന തങ്ക കതിരവൻ വസ്ത്രങ്ങൾ താൻ അലക്കാമെന്ന് പറയുകയായിരുന്നു. ഇതുകേട്ട് ആശ്ചര്യപ്പെട്ട സ്ത്രീ  അദ്ദേഹത്തെ വിലക്കുകയും ചെയ്തു. എങ്കിലും സ്ഥാനാർഥിയുടെ സ്നേഹപൂർവമായ നിർബന്ധത്തിനൊടുവിൽ വീട്ടമ്മ അദ്ദേഹത്തിന് അലക്കികൊണ്ടിരുന്ന വസ്ത്രങ്ങൾ നൽകി.

നിലത്ത് കുത്തിയിരുന്ന് തുണികളെല്ലാം അലക്കി. മാത്രമല്ല  അടുത്തുണ്ടായിരുന്ന കുറച്ച് പാത്രങ്ങളും അദ്ദേഹം കഴുകി. വോട്ട് തേടിയെത്തിയ സ്ഥാനാർഥി അലക്കുന്നത് കണ്ട് നാട്ടുകാരും ചുറ്റും കൂടി. എല്ലാവരോടും തനിക്ക് തന്നെ ഉറപ്പായും വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ചാണ് കതിരവനും സംഘവും മടങ്ങിയത്.

എഐഎഡ‍ിഎംകെ നാഗപട്ടണം ടൗൺ സെക്രട്ടറിയാണ് കതിരവൻ. എന്തുകൊണ്ടാണ് അലക്കി പ്രചരണം നടത്തിയതെന്ന ചോദ്യത്തിന് കതിരവന്റെ മറുപടി ഇങ്ങനെയാണ്, "അമ്മയുടെ സർക്കാർ ഒരിക്കൽ കൂടി അധികാരത്തിലെത്തിയാൽ എല്ലാവർക്കും വാഷിങ് മെഷീൻ നൽകുന്നതായിരിക്കും. വാഷിങ് മെഷീനിൽ അലക്കിയാൽ നമ്മുടെ വീട്ടമ്മമാരുടെ കൈകൾ വേദനിക്കില്ല. സർക്കാർ അത് ഉറപ്പു വരുത്തും". ഇതിന്റെ സൂചനയായിട്ടാണ് തന്റെ പ്രവർത്തിയെന്നും തങ്ക കതിരവൻ പറഞ്ഞതായി ന്യൂ ഇന്ത്യൻഎക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.