ബാഗേജില്‍ കുരങ്ങും പാമ്പും ആമയും; ഞെട്ടി ചെന്നൈ കസ്റ്റംസ്

ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ ബാങ്കോക്കില്‍ നിന്നെത്തിയ തായ് എയര്‍വേയ്സ് വിമാനത്തില്‍ സംശയകരമായി കണ്ട ബാഗേജ് പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടുങ്ങി. പാഴ്സല്‍ അനങ്ങുന്നത് കണ്ടപ്പോഴായിരുന്നു പരിശോധന. ആദ്യത്തെ പാക്കേജില്‍ നിന്ന് പുറത്തുചാടിയത് ആഫ്രിക്കയില്‍ മാത്രം കാണുന്ന ഡി ബ്രാസ കുരങ്ങ്. തിന്നാന്‍ ചോക്കളേറ്റുകള്‍ നിറച്ചാണ് കുരങ്ങിനെ പെട്ടിയില്‍ അടച്ചത്. അടുത്ത പെട്ടി തുറന്നപ്പോള്‍ കണ്ടത് ചില്ലറക്കാരെയല്ല. 15 രാജവെമ്പാലകള്‍. അടുത്തതില്‍ അഞ്ച് പെരുമ്പാമ്പുകള്‍. അവസാനത്തെ ബാഗില്‍ അധികം വലുപ്പമില്ലാത്ത രണ്ട് അള്‍ഡാബ്ര ആമകള്‍. ജീവനുള്ള മൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിയമവിരുദ്ധമായതിനാല്‍ ഇവയെ ബാങ്കോക്കിലേക്ക് തിരിച്ചയച്ചു. ചെന്നൈയില്‍  പാഴ്സല്‍ സ്വീകരിക്കേണ്ടിയിരുന്ന ആളെക്കുറിച്ച് കസ്റ്റംസ് അന്വേഷണം അന്വേഷണം തുടങ്ങി.