ജനാധിപത്യത്തിന്റെ മരണമെന്ന് രാഹുൽ: പ്രിയങ്കയെ വലിച്ചിഴച്ച് പൊലീസ്; വിഡിയോ

തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനുമെതിരെ പ്രതിഷേധിച്ച പ്രിയങ്കാ ഗാന്ധിയെയും മറ്റ് കോൺഗ്രസ് നേതാക്കളെയും രൂക്ഷമായി നേരിട്ട് പൊലീസ്. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തിന് പുറത്ത് നിന്ന് പൊലീസ് വാഹനങ്ങളിലേക്ക് പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവരെ വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ വിമർശനങ്ങൾക്ക് വഴിവെച്ചു.

പ്രതിഷേധ സൂചകമായി മറ്റ് പാർട്ടി നേതാക്കളെപ്പോലെ കറുത്ത വസ്ത്രം ധരിച്ച പ്രിയങ്ക ഗാന്ധി ബാരിക്കേഡുകൾക്ക് മുകളിൽ കയറി പ്രതിഷേധിച്ചിരുന്നു. പൊലീസുകാർ ബലം പ്രയോഗിച്ച് കൊണ്ടുപോകുന്നതിനിടെ പ്രിയങ്ക കുത്തിയിരിപ്പ് സമരം നടത്തി. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പൊലീസ് സമരത്തിന് അനുമതി നിഷേധിച്ചത്.

'ഞങ്ങളെ നിശബ്ദരാക്കാമെന്ന് സർക്കാർ കരുതുന്നു. ഈ  സേനയെ കാണിച്ച് ഞങ്ങളെ നിശബ്ദമായി ബസുകളിൽ ഇരുത്താൻ കഴിയുമെന്ന് അവർ കരുതുന്നു. പക്ഷെ ഞങ്ങൾക്ക് ഒരു ലക്ഷ്യമുണ്ട്." പാർട്ടി ട്വീറ്റ് ചെയ്ത ഒരു വിഡിയോയിൽ പ്രിയങ്ക ഗാന്ധി പറയുന്നു,

പ്രിയങ്ക ഗാന്ധിയെ വാഹനത്തിൽ കയറ്റുന്നതിന് മുമ്പ്‌ പ്രതിഷേധം അവസാനിപ്പിക്കാനും അനുനയിപ്പിക്കാനും പൊലീസ് ശ്രമിക്കുന്നത് വിഡിയോയിൽ കാണാം. എന്നാൽ പ്രതിഷേധിക്കാൻ തനിക്ക് അവകാശമുണ്ടെന്ന് കാട്ടി അവർ പ്രതിഷേധം തുടരുകയായിരുന്നു.

ജനാധിപത്യത്തിന്റെ മരണത്തിനാണ് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നതെന്ന് പ്രതിഷേധത്തിന് മുന്നോടിയായി രാഹുൽ ഗാന്ധി പറഞ്ഞു.