വൈസ്രോയിയുടെ കൊട്ടാരത്തിൽ നിന്നും രാഷ്ട്രപതിഭവനിലേക്ക്; റെയ്സിനക്കുന്നിലെ ചരിത്രം

ബ്രിട്ടീഷ് വാഴ്ച്ചയില്‍ നിന്ന് ജനാധിപത്യത്തിലേയ്ക്കുള്ള ഇന്ത്യയുടെ വളര്‍ച്ചയുടെ പ്രൗഢമായ പ്രതീകമാണ് റെയ്സിനക്കുന്നും അതിലെ രാഷ്ട്രപതിഭവനും. വൈസ്രോയിയുെട കൊട്ടാരമായിരുന്ന രാഷ്ട്രപതിഭവനില്‍ ആദ്യം കാലുകുത്തിയ ഇന്ത്യക്കാരന്‍ മഹാത്മാഗാന്ധിയായിരുന്നു. ഇര്‍വിന്‍ പ്രഭുവിനെ കാണാന്‍ ഗാന്ധിജി എത്തിയത് സ്വാതന്ത്ര്യത്തിലേയ്ക്കുള്ള യാത്രയിലെ സുപ്രധാന അധ്യായമായിരുന്നു. സ്വാതന്ത്ര്യത്തിന്‍റെ 75ാം വര്‍ഷം ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപദി മുര്‍മു രാഷ്ട്രപതിഭവന്‍റെ പടവുകള്‍ കയറി ചരിത്രമെഴുതി. 

രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ തലയും തലയെടുപ്പുമാണ് റെയ്സിനക്കുന്നും രാഷ്ട്രപതിഭവനും. 1930 ജനുവരിയില്‍ അന്നത്തെ വൈസ്രോയ് ഇര്‍വിന്‍ പ്രഭുവാണ് ആദ്യതാമസക്കാരന്‍. ഗാന്ധിജി അതിഥിയായെത്തിയത് സ്വാതന്ത്ര്യ ചര്‍ച്ചകള്‍ പുതിയ തുടക്കമിട്ടു. 

നെഹ്റുവിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാലമന്ത്രിസഭയുടെയും സ്വാതന്ത്ര്യപുലരിക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭയുടെയും സത്യപ്രതിജ്ഞ നടന്നതും ഇവിെടവച്ചാണ്. വിഭജനം തീരുമാനിക്കപ്പെട്ടതിനും ഈ മന്ദിരം സാക്ഷിയായി. കൊല്‍ക്കത്തയില്‍ നിന്ന് രാജ്യതലസ്ഥാനം ഡല്‍ഹിയിലേയ്ക്ക് മാറ്റാന്‍ ബ്രിട്ടീഷുകാര്‍ തീരുമാനിച്ചപ്പോള്‍ അധികാരകേന്ദ്രം എവിടെ വേണമെന്ന ചര്‍ച്ചയുയര്‍ന്നു. കുറ്റിക്കാടും െചറിയ ഗ്രാമവും ചേര്‍ന്ന റെയ്സിനക്കുന്നില്‍ എഡ്വിന്‍ ലട്യന്‍സും ഹെര്‍ബര്‍ട്ട് ബേക്കറും ചേര്‍ന്ന് വിസ്മയം തീര്‍ത്തു. 

ലോകത്തിലെ ഏറ്റവും വലതും പ്രൗഡഗംഭീരവുമായ വാസസ്ഥാനങ്ങളിലൊന്ന്. നിര്‍മാണത്തില്‍ ഇന്ത്യയുടെ സാംസ്ക്കാരിക വൈവിധ്യങ്ങള്‍ക്കെല്ലാം ഇടം ലഭിച്ചു. ഗവര്‍ണര്‍ ജനറലായിരുന്ന സി രാജഗോപാലാചാരിയായിരുന്നു രാഷ്ട്രപതി ഭവനിലെ ആദ്യത്തെ ഇന്ത്യക്കാരനായ ഗൃഹനാഥന്‍. ദ്രൗപദി മുര്‍മു 20ാമത്തെയും.