15കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ഇഷ്ടിക കൊണ്ട് തലയ്ക്ക് ഇടിച്ച്കൊന്നു

ജാർഖണ്ഡിലെ റാഞ്ചിയിൽ 15 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ കൗമാരക്കാരൻ ഉൾപ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. നാടിനെ നടുക്കിയ സംഭവത്തിൽ ശനിയാഴ്‌‌ച രാത്രിയായിരുന്നു അറസ്റ്റ്. റാഞ്ചിയിലെ ലാപുങ് മേഖലയിലാണ് ദാരുണ സംഭവം നടന്നത്.

ജൂലൈ 23 നായിരുന്നു സംഭവം. സഹപാഠിയായ പെൺകുട്ടി മറ്റൊരു ആൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചതാണ് പ്രതിയെ ചൊടിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത ബാലന്റെ നേതൃത്വത്തിലാണ് ഗൂഢാലോചന നടന്നതെന്നും നാല് യുവാക്കളും കൃത്യത്തിൽ പങ്കാളിയാണെന്നും റാഞ്ചി എസ്പി നൗഷാദ് ആലം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യപ്രതിയായ കൗമാരക്കാരനെ കൂടാതെ ലാപുങ് മേഖലയിലുള്ള റോഷൻ ഹോറോ, സുഖ്റാം ഹോറോ, രാഹുൽ ഹോറോ, പവൻ ഹോറോ എന്നിവരാണ് പിടിയിലായത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: പ്രതിയായ കൗമാരക്കാരനും കൊല്ലപ്പെട്ട പെൺകുട്ടിയും അടുത്ത സുഹൃത്തുക്കളായിരുന്നു. സമീപത്തുള്ള മറ്റൊരു ആൺകുട്ടിയുമായി പെൺകുട്ടി സംസാരിക്കുന്നത് കണ്ടതോടെ കൗമാരക്കാരൻ മറ്റു പ്രതികളുമായി ചേർന്ന് പെൺകുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

ജൂലൈ 23ന് പാടത്തു നെല്ല് വിളവെടുക്ക‌ാനായി സഹോദരിക്കൊപ്പം പെൺകുട്ടി പോകുന്നത് പ്രതികൾ കണ്ടിരുന്നു. വൈകിട്ടോടെ സഹോദരി വീട്ടിലേക്കു മടങ്ങിയെങ്കിലും പെൺകുട്ടി ജോലിയിൽ തുടർന്നു. രാത്രി ഏറെ വൈകിയിട്ടും പെൺകുട്ടിയെ കാണാതായതോടെ കുടുംബം പൊലീസിൽ പരാതി നൽകി.

പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ചു പ്രതികളും ചേർന്നു പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഇഷ്ടിക കൊണ്ട് തലയ്ക്ക് ഇടിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നും തലയോട്ടി തകർന്ന നിലയിലായിരുന്നുവെന്നും റാഞ്ചി എസ്പി പറഞ്ഞു. കൊലപ്പെടുത്താൻ ഉപയോഗിച്ച ഇഷ്‌ടിക പൊലീസ് കണ്ടെടുത്തു.