ചുരുങ്ങിയ കാലം കൊണ്ട് ക്വാഡ് കൂട്ടായ്മ സമാധാന ശക്തിയായി മാറിയെന്ന് മോദി

ഇന്ത്യ–പസിഫിക് മേഖലയില്‍ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്ന ശക്തിയായി ചുരങ്ങിയ കാലം കൊണ്ട് ക്വാഡ് കൂട്ടായ്മ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സീന് വിതരണം, കാലാവസ്ഥ വ്യതിയാനം , സാമ്പത്തിക സഹകരണം, വിതരണ ശ്രൃംഘലകള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയ മേഖലകളിലെ സഹകരണം വര്‍ദ്ധിച്ചതായും ടോകിയോയില്‍ നടന്ന ക്വാഡ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പറഞ്ഞു. യു.എസ് പ്രസിഡന്‍റ് ജോ ബൈഡനുമായി ഉഭയകക്ഷി ചര്‍ച്ചയും പ്രധാനമന്ത്രി നടത്തി. 

ഇന്തോ–പസിഫിക് മേഖലയിലെ ചൈനയുടെ വ്യാപാര, സൈനിക മേധാവിത്തം ചെറുക്കുന്നതിന് രൂപം കൊണ്ട ക്വാഡ് കൂട്ടായ്മ അതിന്‍റെ ലക്ഷ്യങ്ങളിലേക്ക് അതിവേഗം മുന്നേറുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമ മോദി ടോക്കിയോയിലെ ഉച്ചകോടിയില്‍ വ്യക്തമാക്കിയത്. ക്വാഡ് അംഗരാജ്യങ്ങള്‍ തമ്മിലുള്ള പരസ്പരവിശ്വാസവും നിശ്ചയദാര്ഢ്യവും ജനാധിപത്യശക്തികള്‍ക്ക് പുതിയ ഊര്‍ജ്ജം നല്‍കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

യുഎസ് പ്രസിഡന്റ് ജോ ബൈഡന്, ഒാസ്ട്രേലിയന് പ്രധാനമന്ത്രി ആന്തണി ആല്ബനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിത എന്നിവരും ഉച്ചകോടിയില്‍ പങ്കെടുത്തു. യുക്രെയ്ന്‍ അധിനിവേഷത്തിലൂടെ റഷ്യ ഒരു സംസ്കാരത്തെ ഇല്ലായ്മ ചെയ്യുക മാത്രമല്ല ലോകത്ത് ഭക്ഷ്യക്ഷാമം ഉള്‍പ്പെടേയുള്ള വെല്ലുവിളികള്‍ സൃഷ്ടിക്കുകയാണെന്ന് ജോ ബൈഡന്‍ പറഞ്ഞു.  ഇവയെ നേരിടാന്‍ സഖ്യരാജ്യങ്ങള്‍കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്വാഡ് ഫെല്ലോഷിപ്പിന്‍റെ ഉദ്ഘാടനവും നേതാക്കള്‍ നിര്‍വ്വഹിച്ചു. ഇന്ത്യ–യു.എസ് ബന്ധം പരസ്പര വിശ്വാസത്തിന്‍റേതാണെന്ന് ജോ ബൈഡനുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ യു.എസ്. പ്രസിഡന്‍റ് പ്രശംസിച്ചു.