3000 കിലോമീറ്റർ പദയാത്രയുമായി പ്രശാന്ത് കിഷോർ; നീക്കത്തില്‍ ആകാംക്ഷ

പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം ഉടനില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രഞ്ജൻ പ്രശാന്ത് കിഷോർ. ഇന്ന് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് മാധ്യമങ്ങളുടെ പ്രചാരണമാണെന്നും താൻ ബിഹാറിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും കിഷോര്‍ പറഞ്ഞു. ബിഹാറിൽ മാറ്റം അനിവാര്യമാണ്. മാറ്റം ആഗ്രഹിക്കുന്നവർ ഒന്നിച്ച് നിൽക്കണം. അവർക്കൊപ്പം നിൽക്കുമെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി.  

ഒക്ടോബര്‍ രണ്ട് മുതല്‍ ഗാന്ധി ജയന്തി ദിനത്തിൽ ബിഹാറില്‍ 3000 കിലോ മീറ്റർ പദയാത്ര ആരംഭിക്കും.  പശ്ചിമ ചമ്പാരനിലെ ഗാന്ധി ആശ്രമത്തില്‍ നിന്നായിരിക്കും പദയാത്ര ആരംഭിക്കുക. ജനങ്ങളുമായി നേരിട്ട് സംവദിക്കുകയാണ് ലക്ഷ്യം. വരും മാസങ്ങളിൽ സംസ്ഥാനത്തെ ജനങ്ങളുമായി ആശയവിനിമയം നടത്തും. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ പ്രതികരണം തേടുന്ന ജൻ സുരാജ് ക്യാംപെയിൻ ബിഹാറിന്റെ മുന്നോട്ടുപോക്കിനെ സഹായിക്കും. നിതീഷ് കുമാറും ലാലുപ്രസാദ് യാദവും ബിഹാറിനായി ഒന്നും ചെയ്തില്ല. ബിഹാറിനായി പുതിയ ആശയങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. 

അതേസമയം, ഇപ്പോള്‍ പാര്‍ട്ടി രൂപീകരിക്കുന്നില്ലെങ്കിലും ജനങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഒരു പാര്‍ട്ടി രൂപീകരിക്കുമെന്നും പ്രശാന്ത് കിഷോർ പറയുന്നു. അത് പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി ആയിരിക്കണമെന്നില്ല. എല്ലാവരുടേയും പാര്‍ട്ടി ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ദൗത്യവുമായി പ്രശാന്ത് കിഷോര്‍ ഇറങ്ങുമ്പോള്‍ ബിഹാറിലെ പ്രധാന പാര്‍ട്ടികളെല്ലാം ആശങ്കയിലാണ്