‘ദുർഭരണം ഓർക്കാതിരിക്കാൻ ലാലുവിന്റെ ചിത്രം മാറ്റി; കൈവിട്ടത് ആ രാഷ്ട്രീയമനസ്സും’

ബിഹാർ തിരഞ്ഞെടുപ്പിന്റെ ഗതി മാറ്റിയതിൽ വലിയ പങ്കു വഹിച്ച രണ്ടു പേരാണ് സിപിഐ(എംഎൽ) നേതാവ് ദീപാങ്കർ ഭട്ടാചാര്യയും  എഐഎംഐഎമ്മിന്റെ അസദുദ്ദീൻ ഉവൈസിയും. ഭോജ്പുർ - മധ്യ ബിഹാർ മേഖലകളിൽ നിതീഷിന്റെ വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്തിയത് സിപിഐ (എംഎൽ) ആണെങ്കിൽ, സീമാഞ്ചൽ മേഖലയിൽ മഹാസഖ്യത്തിന് അനുകൂലമായിരുന്ന കളിനിയമം മാറ്റിയെഴുതിയത് ഉവൈസി ആണ് 

ബിഹാർ തിരഞ്ഞെടുപ്പിൽ എൻഡിഎയും മഹാസഖ്യവും തമ്മിലുള്ള അന്തരം, സീറ്റുകൾ സൂചിപ്പിക്കുന്നതിനെക്കാൾ വളരെ കുറവാണ്; കടുകിട എന്നുതന്നെ വേണമെങ്കിൽ പറയാം. ആകെ വോട്ടുകളിൽ 37.26% എൻഡിഎക്കു ലഭിച്ചപ്പോൾ മഹാസഖ്യത്തിനു 37.23% ലഭിച്ചു. ഏകദേശം 13,000 വോട്ടിന്റെ മാത്രം വ്യത്യാസം. ഇതിലും കടുത്ത നിയമസഭാ പോരാട്ടം ബിഹാറിൽ

ബിഹാർ തിരഞ്ഞെടുപ്പിന്റെ ഗതി മാറ്റിയതിൽ വലിയ പങ്കു വഹിച്ച രണ്ടു പേരാണ് സിപിഐ(എംഎൽ) നേതാവ് ദീപാങ്കർ ഭട്ടാചാര്യയും എഐഎംഐഎമ്മിന്റെ അസദുദ്ദീൻ ഉവൈസിയും. നിതീഷ്കുമാറിന്റെ ജെഡിയുവിനു നാടകീയമായ രീതിയിൽ സീറ്റുകൾ കുറഞ്ഞതിലും വിരലിലെണ്ണാവുന്ന സീറ്റുകളുടെ കുറവിൽ തേജസ്വി യാദവിനു മുഖ്യമന്ത്രിപദം നഷ്ടപ്പെട്ടതിലും ഇവർക്കുള്ള പങ്കു വലുതാണ്.

ഭോജ്പുർ - മധ്യ ബിഹാർ മേഖലയിൽ എൻഡിഎയും സീമാഞ്ചൽ എന്നറിയപ്പെടുന്ന കിഴക്കൻ ബിഹാറിൽ മഹാസഖ്യവുമാണ് തിരഞ്ഞെടുപ്പുകളിൽ മുന്നിട്ടു നിൽക്കാറുള്ളത്. എന്നാൽ, ഇത്തവണ സ്ഥിതി കീഴ്മേൽ മറിഞ്ഞു. മഹാസഖ്യം ഭോജ്പുർ മേഖലയിൽ ശക്തമായ പ്രകടനം കാഴ്ചവച്ചു: അവിടെയുള്ള 68 സീറ്റുകളിൽ 48ലും അവർ വിജയിച്ചു. ബിജെപിക്കു വോട്ട് ചെയ്യാറുള്ള മുന്നാക്ക വിഭാഗങ്ങളും നിതീഷ്കുമാറിന്റെ വോട്ടുബാങ്കായി കണക്കാക്കുന്ന പിന്നാക്ക വിഭാഗങ്ങളും ദലിതരും ഉൾപ്പെടുന്ന ഈ പ്രദേശം 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പുവരെ എൻഡിഎയുടെ ശക്തികേന്ദ്രമായിരുന്നു.

ഇവിടെ രണ്ടു ദശകം മുൻപുവരെ മുന്നാക്ക വിഭാഗങ്ങളും പിന്നാക്ക വിഭാഗങ്ങളും തമ്മിൽ രക്തരൂഷിത കലാപങ്ങൾ നടന്നിരുന്നു. അന്നു പിന്നാക്ക വിഭാഗങ്ങൾക്കൊപ്പം നിന്നു പോരാടിയ നക്സൽ ഗ്രൂപ്പുകളിൽപെട്ടവരാണു പിൽക്കാലത്ത് ആയുധമുപേക്ഷിച്ചു സിപിഐ(എംഎൽ) രൂപീകരിച്ചത്. ദീപാങ്കർ ഭട്ടാചാര്യയുടെ നേതൃത്വത്തിൽ അവർ മഹാസഖ്യത്തോടൊപ്പം ചേർന്നപ്പോൾ പിന്നാക്ക സമുദായങ്ങളിൽപെട്ടവരുടെ വോട്ട് നിതീഷ്കുമാറിനു പോകാതെ മഹാസഖ്യത്തിനു ലഭിച്ചു. ഭോജ്പുർ - മധ്യ ബിഹാർ മേഖലകളിൽ നിതീഷിന്റെ വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്തിയത് സിപിഐ (എംഎൽ) ആയിരുന്നെങ്കിൽ, മറ്റു പലയിടങ്ങളിലും അതു ചെയ്തത് ചിരാഗ് പാസ്വാന്റെ എൽജെപിയാണ്.

ബിഹാറിന്റെ അതിർത്തിയിലുള്ള, മുസ്‌ലിം ബാഹുല്യമുള്ള സീമാഞ്ചൽ എപ്പോഴും കോൺഗ്രസിനെയും ആർജെഡിയെയും തുണച്ചിരുന്നു. ഇത്തവണ ഉവൈസിയുടെ എഐഎംഐഎം അവിടത്തെ കളിനിയമങ്ങൾ മാറ്റി. സീമാഞ്ചലിൽനിന്നു പതിവുപോലെ സീറ്റുകൾ കിട്ടിയിരുന്നെങ്കിൽ മഹാസഖ്യത്തിനു നിശ്ചയമായും ഭൂരിപക്ഷത്തിലെത്താമായിരുന്നു. ഇതിനു മുൻപ് ഉവൈസിയുടെ പാർട്ടി രണ്ടു തവണ ബിഹാറിൽനിന്നു മത്സരിച്ച് ദയനീയമായി പരാജയപ്പെടുകയുണ്ടായി. മുസ്‌ലിംകളുടെ അരക്ഷിതാവസ്ഥ മനസ്സിലാക്കി ഉവൈസി പ്രവർ‌ത്തിച്ചതുകൊണ്ടാണ് ഇത്തവണ സ്ഥിതി മാറിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബംഗ്ലദേശിൽനിന്നുള്ള ‘നുഴഞ്ഞുകയറ്റക്കാരെ’ പുറത്താക്കുന്നതിനെപ്പറ്റി സംസാരിച്ചപ്പോഴും സീമാഞ്ചലിലെ വോട്ടെടുപ്പിനു തലേന്ന്, അമിത് ഷാ തൊട്ടയൽപക്കത്തെ ബംഗാളിൽനിന്ന് അതേ വിഷയത്തെപ്പറ്റി പ്രസംഗിച്ചപ്പോഴും പ്രതികരിച്ചത് ഉവൈസി മാത്രം.

നീറുന്ന അസ്തിത്വ പ്രശ്നങ്ങളെപ്പറ്റി തേജസ്വി യാദവ് മൗനം പാലിച്ചു. ലാലുപ്രസാദിന്റെ ദുർഭരണം ഓർമിക്കാതിരിക്കാൻ അദ്ദേഹത്തിന്റെ ചിത്രം പോസ്റ്ററുകളിൽനിന്നു മാറ്റിയ തേജസ്വി, കൂട്ടത്തിൽ കൈവിട്ടുകളഞ്ഞത് പെട്ടെന്നു ജനവികാരം മനസ്സിലാക്കി അതിനോടു പ്രതികരിക്കുന്ന ലാലുവിന്റെ രാഷ്ട്രീയമനസ്സു കൂടിയായിരുന്നു. ഒരുപക്ഷേ, ലാലുവിന്റെ സാന്നിധ്യമായിരുന്നിരിക്കണം ഉവൈസിയുടെ ആദ്യ ശ്രമങ്ങളെ പരാജയപ്പെടുത്തിയത്. ഉവൈസിയെ, എൻഡിഎയുടെ ബി ടീമെന്നു പറഞ്ഞു മഹാസഖ്യം വിമർശിക്കുന്നതിൽ കാമ്പില്ല; അദ്ദേഹം വോട്ട് ഭിന്നിപ്പിച്ചതുകൊണ്ട് എൻഡിഎ എവിടെയും ജയിച്ചതായി കണക്കുകൾ കാണിക്കുന്നില്ല. ഒരുപക്ഷേ അദ്ദേഹം, ഉത്തരേന്ത്യയിലെ ഭാവിയിലെ മുസ്‌ലിം രാഷ്ട്രീയത്തിലേക്കുള്ള ചൂണ്ടുപലകയായിരിക്കും. ഏതായാലും എല്ലാ വിഭാഗങ്ങളിലെയും വോട്ടുബാങ്കുകളിൽ വിള്ളൽ വീഴ്ത്തിയാണു ബിഹാർ തിരഞ്ഞെടുപ്പ് കടന്നുപോയത്.