വമ്പൻ പ്രഖ്യാപനങ്ങളില്ല; കർഷകരുടെ ദുരിതങ്ങൾക്ക് ഉത്തരമില്ലാതെ ബജറ്റ്

കേന്ദ്ര ബജറ്റിൽ കർഷകർക്കായി വമ്പൻ പ്രഖ്യാപനങ്ങൾ ഒന്നുമുണ്ടായില്ല. താങ്ങു വിലക്കായി 2.73 ലക്ഷം കോടി രൂപ വകയിരുത്തിയതും ആധുനികവൽക്കരണവും ഒഴിച്ച് നിർത്തിയാൽ നിലവിൽ കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ബജറ്റിൽ ഉത്തരമില്ല.  അങ്ങേയറ്റം നിരാശ ജനകമാണ് ബജറ്റെന്ന് പ്രതിപക്ഷം വിമർശിച്ചു  

കോവിഡ് കാലത്ത് ഏറ്റവും പ്രതിസന്ധി നേരിട്ട കാർഷിക മേഖല കൂടുതൽ ആശ്വാസ പാക്കേജുകളാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന മുൻ വാഗ്ദാനങ്ങൾ സാധൂകരിക്കുന്ന വമ്പൻ പ്രഖ്യാപനങ്ങൾ ബജറ്റിലില്ല. കാർഷിക മേഖലയിൽ സ്റ്റാർട്ട്‌ അപ്പുകൾ പ്രോത്സാഹിപ്പിക്കും. ഗോതമ്പ്, നെല്ല് സംഭരണം ഉയർത്തും. ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ പ്രത്യേക നയം രൂപീകരിക്കും. കർഷകരുടെ ഇടയിൽ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും. വിളകളുടെ പരിചരണത്തിനും നിരീക്ഷണത്തിനും വള പ്രയോഗത്തിനുമായി കിസാൻ ഡ്രോണുകൾ ഉപയോഗിക്കും.

കർഷക പ്രക്ഷോഭത്തിൽ ഉൾപ്പെടെ കർഷകർ ഉയർത്തിക്കൊണ്ട് വന്ന വിഷയങ്ങൾ ധനമന്ത്രി നിർമല സീതാരാമൻ അവഗണിച്ചുവെന്നാണ് പ്രതിപക്ഷ വിമർശനം.ശമ്പള വരുമാനക്കാർ, മധ്യ വർഗം, പാവപ്പെട്ടവർ, യുവാക്കൾ, കർഷകർ എന്നിവർക്കായി ബജറ്റിൽ ഒന്നുമില്ലെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം ബുദ്ധിമുട്ടുന്ന സാധാരണക്കാരെ ബജറ്റ് അവഗണിച്ചെന്ന്  ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.തൊഴിലില്ലായ്മയും പട്ടിണിയും വര്‍ധിച്ചിരിക്കെ മഹാമാരിയില്‍ ലാഭം കൊയ്യുന്നവരുടെ ഉന്നമനമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാംയെച്ചൂരി കുറ്റപ്പെടുത്തി. കേരളത്തിലെ പ്രതിപക്ഷ എംപിമാരും ബജറ്റിനെ വിമര്‍ശിച്ചു.