എസ്.രാമചന്ദ്രൻ പിള്ളയുടെ ചൈന സ്തുതി; വിമർശനമുന്നയിച്ച് സിപിഎമ്മും കോൺഗ്രസും

എസ്.രാമചന്ദ്രൻ പിള്ളയുടെ ചൈന സ്തുതിക്കെതിരെ വിമർശനം കടുക്കുന്നു. ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയാണോ ഇന്ത്യയിലെ സി.പി എമ്മിനെ നയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു. ഇപ്പോഴത്തെ ചൈനയെ കമ്യൂണിസ്റ്റ് രാജ്യമെന്ന് എങ്ങനെ വിളിക്കുമെന്ന വിമർശനമാണ് സി.പി.എമ്മിൻ്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലുയർന്നത്.

അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരായ സോഷ്യലിസ്റ്റ് ബദലായി ചൈനയെ അവതരിപ്പിച്ച എസ്.ആർ.പി ലൈൻ തള്ളി ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി നിലപാട് വ്യക്തമാക്കിയിരുന്നു.ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾ ചൈനയെ വളഞ്ഞിട്ടാക്രമിയ്ക്കുന്നെന്ന എസ്.ആർ.പിയുടെ പ്രസ്താവന കോൺഗ്രസിന് ആയുധമായി. രാജ്യതാൽപര്യത്തിനപ്പുറം ചൈനയെ കൂട്ടുപിടിക്കുന്നത് പ്രതിഷേധാർഹമാണെന്നും സി പി എം നിലപാട് വ്യക്തമാക്കണമെന്നും വി.ഡി.സതീശൻ.മുഖ്യമന്ത്രി  പറഞ്ഞതിൻ്റെ ചുവട് പിടിച്ച് സി.പി.എം ജില്ലാ സമ്മേളന പ്രതിനിധികളും ഇന്ന് പൊതുചർച്ചയിൽ ചൈനക്കെതിരെ തിരിഞ്ഞു. ഇന്നത്തെ സാമ്പത്തിക നയങ്ങൾ നോക്കുമ്പോൾ ചൈനയെ കമ്യുണിസ്റ്റ് രാജ്യമെന്ന് എങ്ങനെ വിളിക്കുമെന്നാണ് ഒരു പ്രതിനിധി ചോദിച്ചത്. കലാവസ്ഥാ വ്യതിയാനത്തിലെ വില്ലൻ ചൈനയാണെന്നും താലിബാനെ സഹായിക്കുന്ന രാജ്യമാണെന്നും വിമർശനമുയർന്നു.സി.പി.എം പാർട്ടി കോൺഗ്രസ് ചൈനയോട് എന്തു നിലപാട് സ്വീകരിക്കുമെന്നതും  ശ്രദ്ധിക്കപ്പെടുന്ന വിഷയമായി മാറുകയാണ്. പഴയ ആരോപണങ്ങൾ പൊടി തട്ടിയെടുക്കാൻ രാഷ്ട്രീയ ശത്രുക്കൾക്ക് അവസരം നൽകുന്നത് സി.പിഎം ഇഷ്ടപ്പെടുന്ന കാര്യമല്ല.