വിദേശത്തുനിന്ന് വരുന്നവര്‍ക്ക് നിരീക്ഷണം; ഒമിക്രോണിൽ രാജ്യമാകെ അതിജാഗ്രത

കോവിഡ് വൈറസ് ഒമിക്രോണ്‍ വകഭേദത്തിന്‍റെ ഭീഷണി കണക്കിലെടുത്ത് രാജ്യാന്താര വിമാന സര്‍വീസുകള്‍ക്കുള്ള ഇളവുകള്‍ പുന:പരിശോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം. മുന്‍കരുതല്‍ ശക്തമാക്കണമെന്നും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മഹാരാഷ്ട്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. 

  

ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെ വൈറസിന്‍റെ പുതിയ വകഭേദത്തെ പ്രതിരോധിക്കാന്‍ ഇന്ത്യയും തയ്യാറെടുക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ഉന്നതതലയോഗത്തില്‍ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭുഷണ്‍, ആഭ്യന്തരസെക്രട്ടറി അജയ് കുമാര്‍ ഭല്ല, നീതി ആയോഗ് അംഗം ഡോക്ടര്‍ വി.കെ പോള്‍, െഎസിഎംആര്‍ ഡിജി ഡോക്ടര്‍ ബല്‍റാം ഭാര്‍ഗവ തുടങ്ങി പത്തുപേര്‍ പങ്കെടുത്തു. രാജ്യന്തരവിമാന സര്‍വീസുകള്‍ക്കുള്ള ഇളവുകള്‍ പുനപരിശോധിക്കാന്‍ മോദി നിര്‍ദേശിച്ചു. പതിവു രാജ്യാന്തര സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍ തുടങ്ങാന്‍ വ്യോമയാനമന്ത്രാലയം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. വിദേശത്തുനിന്നും വരുന്നവര്‍ക്ക് പരിശോധനയും നിരീക്ഷണവും വേണമെന്ന് മോദി പറഞ്ഞു. 

വാക്സീന്‍ രണ്ടാം ഡോസ് സമയ ബന്ധിതമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ജനതിക ശ്രേണീകരണ പരിശോധന വിപുലമാക്കണം. കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ക്ലസ്റ്ററുകളില്‍ കണ്ടെയന്‍മെന്‍റ് നടപടികള്‍ തീവ്രമാക്കണം. മാസ്ക്, ശാരീരിക അകലം എന്നിവ കര്‍ശനമാക്കണം. ഒാക്സിജന്‍, മരുന്നുകള്‍, വെന്‍റിലേറ്ററുകള്‍, കുട്ടികള്‍ക്കായുള്ള ചികില്‍സാ സൗകര്യങ്ങള്‍ എന്നിവ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ഉറപ്പാക്കാനും  ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി നിര്‍ദേശിച്ചു.