ഗംഭീറിന് 'ഐഎസ്' ഭീഷണി; സന്ദേശം കറാച്ചിയിൽ നിന്ന്; സ്ഥിരീകരിച്ച് പൊലീസ്

ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരവും ലോക്സഭാ എംപിയുമായ ഗൗതം ഗംഭീറിന് ഐഎസ് ഭീകരസംഘടനയുടെ പേരിൽ വധഭീഷണി വന്നത് പാക്കിസ്ഥാനിൽനിന്നാണെന്ന് സ്ഥിരീകരിച്ച് ഡൽഹി പൊലീസ്. പാക്കിസ്ഥാനിലെ കറാച്ചിയിൽനിന്നാണ് ഭീഷണി സന്ദേശം വന്നതെന്നും ഭീഷണിക്കു പിന്നിൽ ഒരു കോളജ് വിദ്യാർഥിയാണെന്നും ഡൽഹി പൊലീസ് ‘സിഎൻഎൻ–ന്യൂസ് 18’നോട് വെളിപ്പെടുത്തി. ഗംഭീറിനെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ദിവസാണ് എംപിയുടെ ഔദ്യോഗിക ഇ–മെയിൽ വിലാസത്തിലേക്ക് സന്ദേശം വന്നത്. കഴിഞ്ഞ ദിവസം രണ്ട് മെയിലുകളിലായിട്ടാണ് ഗംഭീറിനും കുടുംബാംഗങ്ങൾക്കും വധഭീഷണിയുമായി സന്ദേശം ലഭിച്ചത്.

ഗംഭീറിന്റെ കുടുംബവീടിന്റെ പുറത്തുനിന്നുള്ള വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടുന്നതായിരുന്നു രണ്ടാമത്തെ മെയിലിന്റെ ഉള്ളടക്കം. ‘നിങ്ങളെ വധിക്കാൻ ഞങ്ങൾ ശ്രമിച്ചു. പക്ഷേ, നേരിയ വ്യത്യാസത്തിൽ ഇന്നലെ നിങ്ങൾ രക്ഷപ്പെട്ടു. നിങ്ങൾക്ക് ജീവനിൽ കൊതിയുണ്ടെങ്കിൽ രാഷ്ട്രീയത്തിൽനിന്നും കശ്മീർ വിഷയത്തിൽനിന്നും അകന്നു നിൽക്കുക’ – ഇതിനൊപ്പമുള്ള സന്ദേശത്തിൽ പറയുന്നു.

ഭീഷണി സന്ദേശം അത്ര ഗൗരവമുള്ളതല്ല എന്ന വിലയിരുത്തലിലാണ് പൊലീസ്. ഭീഷണി സന്ദേശത്തിനൊപ്പമുള്ള ഗംഭീറിന്റെ കുടുംബ വീടിന്റെ ചിത്രം യുട്യൂബിൽനിന്ന് എടുത്തതാണ്. 2020 നവംബറിൽ ഗംഭീറിന്റെ ഒരു ആരാധകൻ യുട്യൂബിൽ അപ്‌ലോഡ് ചെയ്ത വിഡിയോയാണിതെന്നാണ് അനുമാനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കണ്ടെത്തുന്ന കാര്യങ്ങൾ കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾക്ക് കൈമാറും.