ഡൽഹിയിലെ വായുമലിനീകരണം; നിയന്ത്രണങ്ങള്‍ തുടരും

ഡല്‍ഹിയിലെ വായുമലിനീകരണം മെച്ചപ്പെടുത്താന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരാന്‍ സുപ്രീംകോടതി നിര്‍ദേശം. നിര്‍മാണ പ്രവൃത്തികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ തുടരണം. വായുനിലവാരം മെച്ചപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഇപ്പോഴും മോശാവസ്ഥയില്‍ തുടരുകയാണെന്ന് കോടതി പറഞ്ഞു. മലിനീകരണം തടയുന്നതിന് ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. 

ഡല്‍ഹിയിലെ വായുനിലവാരം നേരിയ തോതില്‍ മെച്ചപ്പെട്ട് വരികയാണ്. ഇന്ന് വായുനിലവാര സൂചികയില്‍ 280ആണ്  രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 23 ദിവസത്തെ ഏറ്റവും മെച്ചപ്പെട്ട നിലയാണിത്. എന്നാല്‍ ഇതില്‍ ആശ്വസിക്കാന്‍ ഒന്നുമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വായുനിലവാരം 200ന് താഴെയെങ്കിലും എത്തിയാലേ നിയന്ത്രണങ്ങള്‍ നീക്കാനാകൂ. ഈ സാഹചര്യത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിലക്കും, വ്യവസായ ശാലകള്‍ താല്‍ക്കാലികമായി അടച്ചതുമുള്‍പ്പെടേയുള്ള നിയന്ത്രണങ്ങള്‍ തുടരണം. 

നിയന്ത്രണങ്ങള്‍ മൂലം  പ്രതിസന്ധിയിലാകുന്ന തൊഴിലാളികളെ സഹായിക്കാന്‍ തൊഴിലാളി ക്ഷേമ നിധിയിലെ ഫണ്ട് ഉപയോഗപ്പെടുത്തണം. ആയിരക്കണക്കിന് രൂപ 

തൊഴിലാളികളുടെ ക്ഷേമത്തിനായി സംസ്ഥാനങ്ങളഅ‍ പിരിക്കുന്നുണ്ടെന്നും ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. 

ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ വായുനിലവാരത്തില്‍ ഓരോ കാലത്തുമുണ്ടാകുന്ന മാറ്റങ്ങള്‍ മുന്‍കൂട്ടി കാണാനും അതിനനുസരിച്ച് നടപടികള്‍ സ്വീകരിക്കാനും കഴിയണമെന്നും കോടതി പറഞ്ഞു. ഏത്രത്തോളം വൈക്കോല്‍ അവശിഷ്ടങ്ങള്‍ നീക്കിയെന്നും ഇതിന് സ്വീകരിച്ച മാര്‍ഗങ്ങള്‍ എന്തെല്ലാമാണെന്നതും സംബന്ധിച്ച് ഹരിയാന, പഞ്ചാബ്, യുപി സര്‍ക്കാരുകള്‍ പഠനം നടത്തണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും. അപ്പോഴേക്കും വായുനിലവാരം മെച്ചപ്പെടുകയാണെങ്കില്‍ നിയന്ത്രണങ്ങള്‍ നീക്കാമെന്ന് കോടതി അറിയിച്ചു.