പെട്ടെന്ന് നദി കറുത്തു; ആയിരക്കണക്കിന് മൽസ്യങ്ങൾ ചത്ത് പൊങ്ങി; ഭീതി

പൊടുന്നനെ നദി കറുത്തു. മീനുകൾ‌ ചത്ത് പൊങ്ങി. അരുണാചൽ പ്രദേശിലെ കാമെങ് നദിയിലാണ് അപൂർവ പ്രതിഭാസം സംഭവിച്ചിരിക്കുന്നത്. സംഭവത്തിൽ നാട്ടുകാരും അധികൃതരും ഭയപ്പെട്ടിരിക്കുകയാണ് ഇപ്പോള്. അരുണാചൽ പ്രദേശിലെ ഈസ്റ്റ് കാമെങ് ജില്ലയിലൂടെ ഒഴുകുന്ന നദിയാണ് കാമെങ്. മലിനീകരണം മൂലമല്ലെന്നും പ്രകൃദി ദുരന്തങ്ങൾ മൂലമാകാം ഇങ്ങനെയൊരു പ്രതിഭാസമെന്നുമാണ് പൊലീസ് അധികൃതർ വ്യക്തമാക്കുന്നത്. 

നിലവിൽ നദിയിൽ മൽസ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നദിയിലേക്ക് ആരം ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. പൊടുന്നനെ നദിയിലെ ജലത്തിന്റെ നിറം മാറിയതിലും ഇത്രമാത്രം മീനുകൾ ചത്തുപൊങ്ങിയതിന് പിന്നിലുമുള്ള കാരണം കണ്ടെത്തുകയാണ് വിദഗ്ധരുടെ സമിതി. ഇത്തരത്തിലൊരു സംഭവം നദിയിൽ ആദ്യമായിട്ടാണെന്നും ഇത് കുറച്ചു ദിവസങ്ങൾ കൂടി തുടർന്നാൽ നദിയിലെ ആവാസവ്യവസ്ഥ മുഴുവനായി നശിക്കുമെന്നുമാണ് സ്ഥലം എംഎൽഎ തപുക് തകു പറയുന്നത്. 

ടോട്ടൽ ഡിസോൾവ്ഡ് സബ്സ്റ്റൻസസ് (ടിഡിഎസ്) വലിയ അളവിൽ നദിയിൽ കലർന്നതാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. നദിയിൽ വസിക്കുന്ന ജീവികൾക്ക് ഇത് മൂലം കാഴ്ച കുറയുകയും ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യും. അതിനാലാണ് മൽസ്യങ്ങള്‍ ചത്ത് പൊങ്ങിയതെന്നും കരുതപ്പെടുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.