അരുണാചലില്‍ ചൈനീസ് അതിക്രമം; രണ്ട് ഇന്ത്യന്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയി

അരുണാചൽ പ്രദേശിലെ  ഇന്ത്യ- ചൈന അതിർത്തി മേഖലയിൽ നിന്ന് യുവാവിനെ ചൈനീസ് സേന തട്ടിക്കൊണ്ട് പോയതായി പരാതി.  ബിജെപി എംപി തപിർ ഗവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. 17 വയസുകാരൻ മിറം തരോണിനെ തിരികെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കരസേന അറിയിച്ചു. പ്രധാനമന്ത്രി ചൈനീസ് വിഷയത്തിൽ മൗനം വെടിയണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു

ഇന്നലെ ആറരയോടെ സിയാങ് സിഡോ ഏരിയയിലെ ലുങ്താ ജോർ വനമേഖലയിലേക്ക് വേട്ടയാടലിന് പോയതായിരുന്നു  17 വയസുകാരൻ മിറം തരോൺ. ഒപ്പം 27 വയസുകാരൻ ജോണി യായി ങും ഉണ്ടായിരുന്നു. ചൈനീസ് സേന ഇരുവരെയും പിടികൂടി എന്നും ജോണി രക്ഷപ്പെട്ടെന്നും കിഴക്കൻ അരുണാചൽ പ്രദേശിലെ ബി ജെ പി എംപി തപിർ ഗവോ ട്വീറ്റ് ചെയ്തു. കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇട പെടൽ തേടി പ്രധാനമന്ത്രിക്കും ആഭ്യന്തര- പ്രതിരോധ മന്ത്രിമാർക്കും ടാഗ് ചെയ്തായിരുന്നു ട്വീറ്റ്. ആഭ്യന്തര മന്ത്രാലയത്തെയും വിവരം അറിയിച്ചു. മിറം തരോണിനെ തിരികെ എത്തിക്കാനുള്ള നടപടി ആരംഭിച്ചതായി കരസേന അറിയിച്ചു.  ഹോട്ട് ലൈൻ വഴി ചൈനീസ് സേനയുമായി ആശയവിനിമയം നടത്തി. തട്ടിക്കൊണ്ട് പോയതല്ല വഴി തെറ്റിയതാകാമെന്നാണ് പ്രാഥമിക നിഗമനം. 

പ്രധാനമന്ത്രി ചൈനീസ് വിഷയത്തെ ഗൗനിക്കുന്നില്ലെന്നും റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങൾ ശേഷിക്കെയാണ് യുവാവിനെ തട്ടിക്കൊണ്ട് പോയിരിക്കുന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ചൈന ഇന്ത്യൻ പ്രദേശത്തേക്ക്  നുഴഞ്ഞുകയറുന്നത് ദൗർഭാഗ്യകരമാണെന്ന് പാസിഘട്ട് വെസ്റ്റിൽ നിന്നുള്ള കോൺഗ്രസ് എം‌എൽ‌എ നിനോംഗ് എറിംഗ് പ്രതികരിച്ചു.