കുറഞ്ഞ വില, ഗുണനിലവാരം ഇല്ല; ഇന്ത്യയിലേക്ക് ഒഴുകി വിദേശ തേയില

ഇന്ത്യന്‍ തേയില ഉല്‍പാദക മേഖലയ്ക്ക് തിരിച്ചടിയായി കുറഞ്ഞ വിലയുള്ളതും ഗുണനിലവാരമില്ലാത്തതുമായ തേയില ഇറക്കുമതി ചെയ്യുന്നത് കുത്തനെ വര്‍ധിച്ചു.. രാജ്യത്തുല്‍പാദിപ്പിക്കുന്ന തേയിലയുമായി കൂട്ടിക്കലര്‍ത്തിയാണ് ഇവ വില്‍ക്കുന്നത്. കെനിയ, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് തേയിലയുടെ ഇറക്കുമതി 

വെറും ആറ് മാസം കൊണ്ട്  12.16 ദശലക്ഷം കിലോ ഗ്രാം തേയിലയാണ് ഇന്ത്യയിലേക്ക് ഒഴുകിയെത്തിയത്. കഴിഞ്ഞ വര്‌ഷത്തെ ഇറക്കുമതിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇറക്കുമതിയിലെ വര്‍ധന 176 ശതമാനമാണ്. കുറഞ്ഞ വിലയുള്ള ഗുണനിലവാരം തീരെയില്ലാത്ത ഈ തേയില രാജ്യത്തെ തേയില ഉല്‍പാദകമേഖലയ്ക്ക് കനത്ത വെല്ലുവിളിയാണ്. കെനിയയില്‍ നിന്നും നേപ്പാളില്‍ നിന്നുമെത്തുന്ന തേയില ഇന്ത്യന്‍ േതയിലയുമായി കൂട്ടിക്കലര്‍ത്തിയാണ് വില്‍ക്കുന്നത്. മിനിമം ഇറക്കുമതി വില നിശ്ചയിച്ച് വിദേശ തേയിലയുടെ വരവ് നിയന്ത്രിക്കലാണ് ഇതിനുള്ള പ്രതിവിധി. 

കെനിയയില്‍ നിന്നുള്ള ഒരു കിലോ തേയിലയയ്ക്ക് വെറും 110 രൂപയാണ് വില. ഇന്ത്യന്‍ തേയിലയ്ക്ക് ശരാശരി 175 രൂപയും. കെനിയയില്‍ നിന്ന് ആറുമാസം കൊണ്ട് 5.02 ദശലക്ഷം കിലോ തേയിലയാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്. നേപ്പാളില്‍ നിന്ന് തീരുവ നല്‍കാതെ സമാന രീതിയില്‍ തേയില എത്തുന്നു. ഇത് തുടരുകയാണെങ്കില്‍ ചെറുകിട തേയില കര്‍ഷകര്‍ മുതല്‍ വന്‍കിട ബ്രാന്‍ഡുകള്‍ വരെ പ്രതിസന്ധിയിലാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നുമാണ് ഉയരുന്ന ആവശ്യം.