റോഡിൽ സ്ത്രീയുടെ അർധനഗ്ന മൃതദേഹം: കൊലയല്ല; വഴിത്തിരിവായി സാരി; ട്വിസ്റ്റ്

കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍ നിന്നു സ്ത്രീയുടെ മൃതദേഹം വലിച്ചെറിഞ്ഞ സംഭവത്തില്‍ വഴിത്തിരിവ്.സംഭവം വാഹനാപകടമാണെന്നു പൊലീസ് സ്ഥിരീകരിച്ചു. റോഡില്‍ നില്‍ക്കുകയായിരുന്ന നാടോടി സ്ത്രീയെ അമിത വേഗതയിലെത്തിയ കാറ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ അറസ്റ്റിലായി.

ഈദൃശ്യങ്ങള്‍ കണ്ടു തമിഴ്നാട് ഒന്നടങ്കം നടുങ്ങിയതാണ്. യുവതിയെ കൊലപ്പെടുത്തി വാഹനത്തില്‍ കൊണ്ടുവന്ന് നടുറോഡില്‍ തള്ളിയെന്നായിരുന്നു പൊലീസിന്റെ സംശയം.  കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ  കോയമ്പത്തൂരിലെ തിരക്കേറിയ അവിനാശി റോഡില്‍ ചെന്നിയപാളയത്തിനു സമീപമായിരുന്നു സംഭവം. റോഡിലെ സി.സി.ടി.വി ക്യാമറകള്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. അതിനിടയ്ക്കു സൂളൂര്‍ പട്ടണമെന്ന സ്ഥലത്തെ വര്‍ക്ക് ഷോപ്പിലെ ജീവനക്കാരനുണ്ടായ സംശയമാണു സംഭവത്തിലെ ദൂരൂഹത നീക്കുന്നതിലേക്ക് എത്തിയത്. കഴിഞ്ഞദിവസം  വര്‍ക്ക് ഷോപ്പില്‍ ഒരു കാറ് അറ്റകുറ്റപണിക്കായി എത്തി. കാറില്‍ സാരിയുടെ ഭാഗം കണ്ട ജീവനക്കാരന്‍ ഇക്കാര്യം ഉടമയോട് അന്വേഷിച്ചെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ല. തുടര്‍ന്ന് ഇയാള്‍ പൊലീസിെന അറിയിക്കുകയായിരുന്നു. പൊലീസ് കാര്‍ ഉടമ കരക്കാപ്പെട്ടി സ്വദേശിയായ ഫൈസലിന്റെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ചെന്നിയപാളയത്ത് വച്ചു നാടോടി സ്ത്രീ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഫൈസലിന്റെ കാറ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു..പിറകെ വന്ന വാഹനങ്ങള്‍ മൃതശരീരത്തിലൂടെ കയറി ഇറങ്ങുകയും ചെയ്തു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും വാഹനമിടിച്ചാണ് മരണമെന്ന് തെളിഞ്ഞിരുന്നു.അപ്പോഴും അര്‍ധ നഗ്നമായമൃതദേഹമായത് ദൂരൂഹതയുണ്ടാക്കിയിരുന്നു.അതേ സമയം മരിച്ചത് ആരാണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.