രാജ്യത്തെ പകുതിയിലേറെ കര്‍ഷകരും ബാധ്യതയിൽ; ശരാശരി 74,121 രൂപ കടം

രാജ്യത്തെ 50 ശതമാനത്തിലേറെ കര്‍ഷക കുടുംബങ്ങളും കടബാധ്യത ഉള്ളവരാണെന്ന് കണക്കുകള്‍. ഓരോ കുടുംബത്തിനും ശരാശരി 70,000 രൂപയിലേറെയാണ് കടമെന്നും ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ സര്‍വേയില്‍ പറയുന്നു. ഇവരുടെ ശരാശരി പ്രതിമാസ വരുമാനം 10,218 രൂപയാണ്.

രാജ്യത്തെ ആകെ തൊഴില്‍ലഭ്യതയുടെ 50 ശതമാനവും സംഭാവന ചെയ്യുന്ന കാര്‍ഷിക മേഖലയിലെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് ദേശീയ സ്റ്റാസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍. കര്‍ഷക കുടുംബങ്ങളില്‍ 50 ശതമാനവും കടബാധ്യത നേരിടുന്നവരാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശരാശരി 74,121 രൂപയാണ് ഓരോ കുടുംബത്തിന്റെയും കടം.

ഈ കടത്തിന്റെ 57.5 ശതമാനം മാത്രമാണ് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത്. ബാക്കി പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായാണ് എടുത്തിരിക്കുന്നത്. ആകെ വായ്പകളുടെ 69.6 ശതമാനം ബാങ്കുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്ന് എടുത്തതാണ്. ബാക്കി വായ്പ സ്വകാര്യ പണിമിടപാടുകാരില്‍നിന്നാണ്. 2019ലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഓരോ കുടുംബങ്ങളുടെയും ശരാശരി പ്രതിമാസ വരുമാനം 10,218 രൂപയാണ്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന 9.3 കോടി കുടുംബങ്ങളാണ് രാജ്യത്തുള്ളത്. 77-ാം നാഷനല്‍ സാംപിള്‍ സര്‍വേയുടെ ഭാഗമായി അഖിലേന്ത്യാ കട, നിക്ഷേപ സര്‍വേയുടെ ഭാഗമായാണ് എന്‍എസ്ഒ റിപ്പോര്‍ട്ട് തയാറാക്കിയത്.