മുതിർന്ന നേതാക്കളുമായി രാഹുലിന്റെ ചർച്ച; കോൺഗ്രസിന് കരുത്തായി പ്രശാന്ത് വരും?

തിരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോറിനെ കോൺഗ്രസിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി. അംബികാ സോണി, കെ.സി. വേണുഗോപാൽ, എ.കെ. ആന്റണി എന്നിവരുമായി വെള്ളിയാഴ്ചയാണു രാഹുൽ ചർച്ച നടത്തിയതെന്നാണു വിവരം. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുമെന്നു റിപ്പോർട്ടുകളുണ്ട്.

ജെഡിയു വിട്ട പ്രശാന്ത് കിഷോറിനെ കോൺഗ്രസിലേക്കു സ്വാഗതം ചെയ്ത് രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള നേതാവ് അർച്ചന ഡാൽമിയ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ ട്വീറ്റ് ‍നീക്കം ചെയ്തു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുമായി പ്രശാന്ത് കിഷോർ ചർച്ച നടത്തിയതായും അഭ്യൂഹങ്ങളുണ്ട്.

മൂന്നാം മുന്നണി രൂപീകരണവുമായി ബന്ധപ്പെട്ട് എൻസിപി നേതാവ് ശരദ് പവാറുമായി പ്രശാന്ത് കിഷോർ ചർച്ചകൾ നടത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പ്രശാന്ത് കിഷോറിനെ എൻസിപി തന്ത്രജ്ഞനായി നിയോഗിച്ചിട്ടില്ലെന്നു പാർട്ടി തന്നെ അറിയിച്ചു. മൂന്നാം മുന്നണി രൂപീകരണത്തെക്കുറിച്ചു ശരദ് പവാറുമായി സംസാരിച്ചിട്ടില്ലെന്നു പ്രശാന്ത് കിഷോർ പിന്നീടു പ്രതികരിച്ചു. മോദിയെ തോൽപിക്കാൻ അതു മതിയാകില്ലെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന്റെ ഉപദേശങ്ങൾ അനുസരിച്ചാണ് മമതാ ബാനർജി പ്രവര്‍ത്തിച്ചത്. തുടർച്ചയായി മൂന്നാം തവണയും തൃണമൂൽ അധികാരത്തിലേറിയപ്പോൾ ഭരണം പിടിക്കാൻ ഇറങ്ങിയ ബിജെപി 77 സീറ്റിലൊതുങ്ങി. തമിഴ്നാട്ടിൽ ഡിഎംകെയുമായും ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായും പ്രശാന്ത് കിഷോർ സഹകരിച്ചിരുന്നു.