ജഗന്റെ ഉത്തരവ്; ഒറ്റദിനം 13 ലക്ഷം പേർക്ക് വാക്സീൻ; റെക്കോർഡിട്ട് ആന്ധ്ര

ഒറ്റദിവസം കൊണ്ട് 13 ലക്ഷം പേർക്ക് കോവിഡ് വാക്സീൻ നൽകി റെക്കോർഡിട്ട് ആന്ധ്രാപ്രദേശ്. ഇന്ന് എഴുമണിവരെയുള്ള കണക്കുകൾ പ്രകാരം 13 ലക്ഷം പേർക്ക് കോവിഡ് വാക്സീൻ ഇന്നുമാത്രം നൽകി. വൈകിട്ട് അഞ്ചുമണിക്ക് ഇത് 11 ലക്ഷം പിന്നിട്ടിരുന്നു. മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഢിയുടെ പ്രത്യേക നിർദേശ പ്രകാരമാണ് മെഗാ വാക്സിനേഷൻ നടന്നത്. ഇന്ന് രാവിലെ ആറുമണി മുതലാണ് മെഗാ വാക്സീനേഷന് തുടക്കമായത്.

മുൻപ് 6 ലക്ഷം പേർക്ക് ഒറ്റദിവസം കൊണ്ട് വാക്സീൻ നൽകി ആന്ധ്ര തന്നെ സൃഷ്ടിച്ച റെക്കോർഡാണ് ഇപ്പോൾ അവർ തന്നെ തിരുത്തിയത്. ഇതോടെ ആന്ധ്രാപ്രദേശില്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം ഞായറാഴ്ച ഒരുകോടി പിന്നിടുകയാണ്. 13 ജില്ലകളിലേയും 2000 കേന്ദ്രങ്ങളിലായി രാവിലെ ആറ് മണി മുതലാണ് മെഗാ വാക്‌സിനേഷന്‍ പരിപാടി ആരംഭിച്ചത്. ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി, കൃഷ്ണ, വിശാഖപട്ടണം എന്നീ ജില്ലകളാണ് വാക്‌സിനേഷനില്‍ മുന്നിൽ.  45 വയസിന് മുകളിലുള്ളവര്‍ക്കും അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ അമ്മമാര്‍ക്കും മുന്‍ഗണന നല്‍കിയാണ് വാക്‌സിനേഷന്‍ നടന്നത്.