മീൻ പിടിക്കുന്നതിനിടയിൽ മുതല പിടിച്ചു; 55 കാരിക്ക് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം

പുഴയോരത്ത് മീൻ പിടിച്ചുകൊണ്ടിരുന്ന സ്ത്രീ മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഒഡിഷയിലെ കേന്ദ്രപ്പാറ ജില്ലയിലാണ് സംഭവം. ഭിത്താർകനിക പാർക്കിന് സമീപത്ത് കൂടി ഒഴുകുന്ന പുഴയിൽ മീൻ പിടിക്കുകയായിരുന്ന 55 കാരിയാണ് കൊല്ലപ്പെട്ടത്. മുതല പകുതി തിന്ന നിലയിലാണ് ഇവരുടെ മൃതദേഹം പുഴയോരത്ത് നിന്ന് കിട്ടിയത്.

പാർക്കിന്റെ പരിധിയിൽ വരുന്ന മഹാനദിയിൽ 1768 മുതലകൾ ഉണ്ടെന്നാണ് കണക്ക്. മുതലകള്‍ മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങൾ മേഖലിൽ വർധിച്ചു വരുന്നതായി വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.

മഴക്കാലത്തും വേനൽക്കാലത്തുമാണ് മുതലകളുടെ ആക്രമണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. അനധികൃതമായി മത്സ്യബന്ധനത്തിനും, വേട്ടയ്ക്കും, വിറകുപെറുക്കാനും മറ്റുമായി മനുഷ്യർ ഇവയുടെ ആവാസസ്ഥലത്ത് കടന്നുകയറുമ്പോഴാണ് കൂടുതലും അപകടങ്ങൾ സംഭവിക്കുന്നത്. മരിച്ച സ്ത്രീയുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരമായി വനംവകുപ്പ് അനുവദിച്ചു.