ദുരിതത്തിലും സ്വര്‍ണമാല ഊരി നല്‍കി യുവതി; ജോലി നൽകുമെന്ന് സ്റ്റാലിൻ

ഔദ്യോഗിക പരിപാടിയുമായി ബന്ധപ്പെട്ട് മേട്ടൂർ ഡാമിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് സ്വർണമാല ഊരി നൽകി യുവതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ പണം ഇല്ലാത്തത് കൊണ്ട് ആകെയുള്ള രണ്ട് പവന്റെ മാലയും ഒരു കത്തും എഴുതിയാണ് സൗമ്യ എന്ന യുവതി സ്റ്റാലിന് നൽകിയത്. ഇക്കാര്യം സ്റ്റാലിൻ ട്വിറ്ററിൽ പങ്കിടുകയും ചെയ്തു. കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞതോടെ യുവതിയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ഒരു ജോലിയും നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

കംപ്യൂട്ടർ എൻജിനിയറിങ് പഠനം പൂർത്തിയാക്കിയ സൗമ്യയ്ക്ക് ജോലി ഒന്നും ലഭിച്ചിരുന്നില്ല. സർവീസിൽ നിന്നും വിരമിച്ച അച്ഛനും രണ്ട് മുതിർന്ന സഹോദരിമാരുമാണ് സൗമ്യയ്ക്ക് ഉള്ളത്. ചേച്ചിമാരുടെ വിവാഹം കഴിഞ്ഞതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. ഇതിനിടെ ന്യൂമോണിയ ബാധിച്ച് അമ്മയും മരിച്ചു. കോവിഡ് പ്രതിസന്ധിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ കഴിയാതെ വന്നതോടെയാണ് കഴുത്തിൽ കിടന്ന രണ്ടു പവന്റെ മാല ഉൗരി നൽകിയത്. മാലയും കാര്യങ്ങൾ വിശദീകരിച്ചെഴുതിയ കത്തും മുഖ്യമന്ത്രി കണ്ടതോടെ യുവതിയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ഒരു ജോലി സർക്കാരിലോ സ്വകാര്യ സ്ഥാപനങ്ങളിലോ നൽകുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ  വ്യക്തമാക്കി.