കൂട്ടപ്രാർഥന; ഗ്രാമീണരുടെ ‘കൊറോണ മാതാ ക്ഷേത്രം’ പൊളിച്ചുനീക്കി യുപി പൊലീസ്

ഉത്തർപ്രദേശിൽ ഗ്രാമീണർ സ്ഥാപിച്ച ‘കൊറോണ മാതാ ക്ഷേത്രം’ അധികൃതർ പൊളിച്ചുനീക്കി. കോവിഡിന്റെ രണ്ടാം തരംഗം വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോഴാണ് നൂറിലേറെ പേർ ദർശനത്തിനും പ്രാർഥനയ്ക്കും എത്തുന്ന വിധത്തിൽ കൊറോണ മാതാ എന്ന പേരിൽ ക്ഷേത്രം സ്ഥാപിച്ചത്. ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിലെ ശുക്ലാപൂർ ഗ്രാമത്തിലാണ് കോവിഡിൽ നിന്നും മുക്തി നേടാൻ വൈറസിന്റെ പേരിൽ ക്ഷേത്രം സ്ഥാപിച്ച് പൂജ നടത്തിയത്. 

നാട്ടുകാർ പിരിവെടുത്താണ് ക്ഷേത്രം പണിഞ്ഞത്. പിന്നീട് ഇവിടെ പൂജയും പ്രാർഥനയും തുടങ്ങി. മാസ്ക് ധരിച്ച രൂപത്തിലുള്ള വിഗ്രഹത്തെയാണ് ഇവർ ആരാധിച്ചത്. വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘം നാട്ടുകാർ സ്ഥാപിച്ച ക്ഷേത്രം പൊളിച്ചുനീക്കി. വെള്ളിയാഴ്ച രാത്രിയിൽ സംഭവ സ്ഥലത്ത് പൊലീസെത്തി വിവാദ ക്ഷേത്രം പൊളിച്ചു നീക്കിയത്. പിന്നീട് പൊലീസ് തന്നെ ഗ്രാമീണരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി. കോവിഡിന്റെ നിഴൽ പോലും ഗ്രാമത്തിൽ വീഴാതിരിക്കാനാണ് ഇത്തരത്തിൽ ക്ഷേത്രം സ്ഥാപിച്ച് പൂജ നടത്തിയതെന്ന് ഗ്രാമീണർ പറഞ്ഞു.