ദുരിതാശ്വസ സാധനങ്ങൾ മോഷ്ടിച്ചു; ബംഗാൾ പ്രതിപക്ഷനേതാവിനെതിരെ കേസ്

ദുരിതാശ്വാസത്തിന് എത്തിച്ച സാധനങ്ങൾ മോഷ്ടിച്ചുവെന്ന പരാതിയിൽ ബംഗാളിൽ പ്രതിപക്ഷ നേതാവിനെതിരെ പൊലീസ് കേസെടുത്തു. തൃണമൂൽ വിട്ട് ബിജെപിയിലെത്തിയ മമതയുടെ മുൻ വിശ്വസ്തനുമായ സുവേന്ദു അധികാരിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇദ്ദേഹത്തിന്റെ സഹോദരൻ സോമേന്ദു അധികാരിയും കേസിൽ പ്രതിയാണ്. അതിക്രമിച്ച് കടന്ന് പൂട്ട് തകർത്ത് ദുരിതാശ്വാസ സാധനങ്ങൾ കടത്തിക്കൊണ്ടുപോയി എന്ന പരാതിയിലാണ് നടപടി. 

മെയ് 29നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സുവേന്ദുവിന്റേയും സഹോദരന്റെയും നിർദേശപ്രകാരം ദുരിതാശ്വാസകേന്ദ്രത്തിൽ നിന്നും ലക്ഷങ്ങൾ വില വരുന്ന സാധനങ്ങൾ ബലമായി ട്രക്കിൽ കയറ്റി കൊണ്ടുപോയെന്ന് പരാതിയിൽ പറയുന്നു. ജൂണ്‍ ഒന്നിനാണ് ഇതുസംബന്ധിച്ച കേസ് കിഴക്കന്‍ മിഡ്‌നാപൂരിലെ കോണ്ടായി പൊലീസ് സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്തത്. കോണ്ടായി മുനിസിപ്പാലിറ്റിയിലെ ഭരണസമിതി അംഗം രത്‌നദീപ് മന്നയാണ് പരാതി നൽകിയത്. സുവേന്ദു അധികാരിയും, സോമേന്ദു അധികാരിയും ഉള്‍പ്പടെ നാലുപേര്‍ക്കെതിരെയാണ് സംഭവത്തില്‍ കേസെടുത്തത്.

കഴിഞ്ഞ വർഷം അവസാനമാണ് തൃണമൂലിനെ ഞെട്ടിച്ച് കൊണ്ട് സുവേന്ദു അധികാരിയും സഹോദരനും അടക്കമുള്ളവർ ബിജെപിയിലേക്ക് പോയത്. പിന്നീട് മമതയെ തനിക്കെതിരെ മൽസരിക്കാൻ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തിരുന്നു. വെല്ലുവിളി ഏറ്റെടുത്ത് സ്വന്തം മണ്ഡലം വിട്ട് മൽ‌സരിക്കാൻ എത്തിയ മമത, നന്ദിഗ്രാം മണ്ഡലത്തിൽ 1,200 വോട്ടിന് സുവേന്ദുവിനോട് തോൽക്കുകയും ചെയ്തു. ഭരണം മമത നേടിയെങ്കിലും പ്രതിപക്ഷ നേതാവായി സുവേന്ദുവിനെ തന്നെയാണ് ബിജെപി നിയമിച്ചത്.