റെക്കോർഡ് വർധനയ്ക്ക് കാരണം ഇന്ത്യൻ വകഭേദം; മുന്നറിയിപ്പ്

പ്രതിദിന കോവിഡ് കേസുകളിലും മരണസംഖ്യയിലും രാജ്യത്ത് റെക്കോര്‍ഡ് വര്‍ധന. ഇന്നലെ മാത്രം 3,980 പേരാണ് കോവിഡിന് കീഴടങ്ങിയത്. കോവിഡ് വൈറസിന്‍റെ ഇന്ത്യന്‍ വകഭേദമാണ് കേസുകള്‍‍ കുത്തനെ ഉയരാന്‍ കാരണമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതേസമയം മരണസംഖ്യ ജൂണില്‍ നാല് ലക്ഷത്തിന് മുകളിലാകുമെന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് സയന്‍സിന്‍റെ മുന്നറിയിപ്പ്.

മഹാരാഷ്ട്രയില്‍ കോവിഡ് മരണം പിടിവിട്ടതാണ് മരണസംഖ്യ ഇത്രയും ഉയരാന്‍ കാരണം. പ്രതിദിന കണക്കിലെ ഏറ്റവും ഉയര്‍ന്ന വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ ആകെ മരണസംഖ്യ 2,30,168 ആയി ഉയര്‍ന്നു. രാജ്യത്ത് വീണ്ടും നാലുലക്ഷത്തിലധികം കേസുകളും സ്ഥിരീകരിച്ചു. 4,12,262 പേര്‍ക്കാണ് ഇന്നലെ രോഗം കണ്ടെത്തിയത്. ഇതും പ്രതിദിന കണക്കിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ്.  കേസുകളുടെ 49.52 ശതമാനവും മഹാരാഷ്്ട്രയും കേരളവുമുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന്. ഈ സംസ്ഥാനങ്ങളിലേതുള്‍പ്പെടെ 30 ജില്ലകളിലാണ് സ്ഥിതി അതീവ ഗുരുതരം. അതേസമയം മറ്റ് വകഭേദങ്ങളേക്കാള്‍ ഇന്ത്യന്‍ വകഭേദമാണ് രണ്ടാംവ്യാപനത്തില്‍ കൂടുതലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 

ചൈനയില്‍ ഇന്ത്യന്‍ വകഭേദമുള്ള 18 ഉം സ്പെയിനില്‍ 11 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് മരണസംഖ്യ അടുത്ത മാസത്തോടെ നാലുലക്ഷം കവിയുമെന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് സയന്‍സിന്‍റെ മുന്നറിയിപ്പ്. റഷ്യയുടെ കോവിഡ് വാക്സീനായ സ്പുട്നികിന്‍റെ വിതരണം അടുത്തയാഴ്ച തുടങ്ങിയേക്കും. ലാബിലെ ഗുണമേന്മ പരിശോധന പൂര്‍ത്തിയായാലുടന്‍ വിതരണം തുടങ്ങുമെന്നാണ് സൂചന. ഒാക്സിജന്‍ ക്ഷാമം ശക്തമായ പശ്ചാത്തലത്തില്‍ ഒാക്സിജന്‍‍‍ ഇറക്കുമതി നയം കേന്ദ്രം ഉദാരമാക്കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നാളെ പാര്‍ട്ടി എംപിമാരുമായി കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യും