അമ്മയുടെ ജീവൻ നിലനിർത്താൻ ശ്വാസം പകർന്ന് പെൺമക്കൾ; ഉള്ളുലച്ച് ചിത്രം

കോവിഡിന്റെ രണ്ടാം തരംഗം രാജ്യം എങ്ങും രൂക്ഷ സ്ഥിതി വിതച്ച് മുന്നേറുകയാണ്. പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിക്കാനായി ബന്ധുക്കൾ പലവിധ വഴികളും തേടുകയാണ്. ശ്വാസം മുട്ടി മരണത്തിന് കീഴടങ്ങുന്നവരാണ് അധികവും. വായിലൂടെ കൃത്രിമ ശ്വാസം നൽകി ഭർത്താവിന്റെ ജീവൻ നിലനിർത്താൻ ശ്രമിക്കുന്ന വീട്ടമ്മയുടെ വാർത്തയും ചിത്രവും കഴിഞ്ഞ ദിവസം വൈറലായിരുന്നു.

ഇപ്പോഴിതാ ഉള്ളുലയ്ക്കുന്ന മറ്റൊരു ചിത്രമാണ് പുറത്തുവരുന്നത്. ആശുപത്രി സ്ട്രക്ചറിൽ കിടക്കുന്ന അമ്മയുടെ ജീവൻ നിലനിർത്തുന്നതിനായി മാറി മാറി വായിലൂടെ കൃത്രിമശ്വാസം നൽകുന്ന പെൺമക്കളുടെ വിഡിയോ ആണ് പുറത്തുവന്നത്. ഉത്തർപ്രദേശിലെ ബഹറൈച് ജില്ലയിലെ സർക്കാർ ആശുപത്രിയിൽ നിന്നുള്ള ദൃശ്യമാണിത്. വിഡയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ജില്ലാ കലക്ടർ ഷാമ്പു കുമാർ ആശുപത്രിയിലേക്ക് ഡോക്ടർമാരുമായി എത്തി. പക്ഷേ അപ്പോഴെക്കും അമ്മ മരിച്ചിരുന്നു.

ഇതേക്കുറിച്ച് ആശുപത്രി അധികൃതരോട് ചോദിച്ചപ്പോൾ ഓസ്കിജൻ ക്ഷാമം ഇല്ലയെന്നാണ് പറഞ്ഞത്. അമ്മയുടെ അവസ്ഥ അതീവ ഗുരുതരമായിരുന്നുവെന്നും വൈകാരികതയുടെ പുറത്താണ് മക്കൾ കൃത്രിമശ്വാസം നൽകിയതെന്നുമാണ് വിശദീകരണം. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.