‘സേവനം ചെയ്യാം; കോവിഡ് കഴിഞ്ഞ് എന്നെ പുറത്താക്കിക്കോളൂ’; യോഗിയോട് കഫീൽഖാൻ

കോവിഡ് രണ്ടാം തരംഗം വൻ നാശം വിതയ്ക്കുമ്പോൾ സേവനം ചെയ്യാൻ താത്പര്യമുണ്ടെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഡോക്ടർ കഫീൽ ഖാൻ കത്തെഴുതി. ഡോക്ടർമാരുടെ കുറവുണ്ടെങ്കിൽ താൻ സേവനം ചെയ്യാൻ തയാറാണെന്നും തനിക്ക് 15 വർഷത്തെ അനുഭവപരിചയമുണ്ടെന്നും കഫീൽ ഖാൻ കത്തിൽ വ്യക്തമാക്കുന്നു. കോവിഡ് പ്രതിസന്ധിക്ക് ശേഷം തന്നെ സസ്പെൻഡ് ചെയ്തോളൂവെന്നും ഈ നിർണായക സമയത്ത് രാജ്യത്തിന് ഒപ്പം നിൽക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.

ഇതിന് പിന്നാലെ കത്തിന് മുഖ്യമന്ത്രിയുടെ ഓഫിസ് മറുപടിയും നൽകി. കഫീല്‍ ഖാന്റെ ആവശ്യം പൊതുപരാതികളുമായി ബന്ധപ്പെട്ടതാണെങ്കില്‍ സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ അറിയിക്കാമെന്നാണ് നൽകിയ മറുപടി. ഇതിനോടകം തന്നെ ഗ്രാമങ്ങളിലേക്ക് കടന്നുചെന്ന് സൗജന്യ സേവനം നൽകുകയാണ് കഫീൽഖാന്റെ സംഘം. 

ഡോക്ടർമാർ റോഡിലേക്ക് എന്ന ആശയം മുൻനിർത്തിയാണ് അദ്ദേഹത്തിന്റെ സേവനം. സൗജന്യ പരിശോധനയും മരുന്നുകളും വിതരണം ചെയ്താണ് അദ്ദേഹം കോവിഡ് പ്രതിസന്ധിയിൽ രാജ്യത്തിനൊപ്പം നിൽക്കുന്നത്. 2017ലാണ് ഉത്തർപ്രദേശ് സർക്കാർ കഫീൽഖാനെ സസ്പെൻഡ് ചെയ്യുന്നത്. ഗോരഖ്പൂർ ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ കൂട്ടമരണവുമായി ബന്ധപ്പെട്ടായിരുന്നു നടപടി.