ബംഗാളില്‍ റാലികള്‍ റദ്ദാക്കി രാഹുല്‍ മാതൃക; ജനക്കൂട്ടവുമായി മോദിയും ഷായും

ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണം വലിയ ആവേശത്തിലാണ്. മോദിയും അമിത് ഷായും മമതയും രാഹുലും അടക്കമുള്ള നേതാക്കൾ എത്തിയതോടെ വൻജനാവലിയാണ് എത്തുന്നത്. ഇതിനിടെ പൊടുന്നനെ മാതൃകാ തീരുമാനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് കോവിഡ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തിൽ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലികൾ റദ്ദാക്കുകയാണെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. വലിയ സ്വീകരണമാണ് അദ്ദേഹത്തിന്റെ ഈ തീരുമാനത്തിന് ലഭിക്കുന്നത്. 

വലിയ റാലികൾ നടത്തുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് എല്ലാ രാഷ്ട്രീയക്കാരും ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കോവിഡ് വ്യാപിക്കുമ്പോഴും വലിയ ജനക്കൂട്ടത്തെ ഉൾപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും വലിയ റാലികൾ നടത്തുന്നതിനെ കോൺഗ്രസ് വിമർശിച്ചിരുന്നു. തന്റെ ഓഫിസിലിരുന്ന് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി രോഗവ്യാപനം പിടിച്ചുനിർത്താൻ പ്രധാനമന്ത്രി ശ്രമിക്കണമെന്നാണ് പി. ചിദംബരം ആവശ്യപ്പെട്ടത്.

അതേസമയം വലിയ ജനക്കൂട്ടത്തെ അഭിസംബോധ ചെയ്ത് മോദിയുടെയും അമിത് ഷായുടെയും പ്രചാരണ പരിപാടികൾ മുന്നോട്ടുപോവുകയാണ്. ഇതാദ്യമായാണ് ഇത്രയും വലിയൊരു റാലി കാണുന്നതെന്ന് അസാൻസോളിൽ അദ്ദേഹം പറയുകയും ചെയ്തു.