കിടക്കകളിൽ പഞ്ഞിക്കു പകരം ഉപയോഗിച്ച മാസ്കുകൾ; ഞെട്ടിച്ച് റിപ്പോർട്ട്

പഞ്ഞിയോ മറ്റ് സാമഗ്രികളോ വയ്ക്കുന്നതിനു പകരം ഉപയോഗിച്ച മാസ്കുകൾ നിറച്ച് കിടക്കകൾ നിർമിക്കുന്നതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ ഒരു ഫാക്ടറിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉപയോഗിച്ച മാസ്കുകളുടെ വലിയൊരു ശേഖരം തന്നെ ഫാക്ടറി പരിസരത്തുനിന്ന് കണ്ടെത്തി.

മഹാരാഷ്ട്രയിലെ കിടക്ക നിർമാണ കേന്ദ്രത്തിൽ ഇത്തരമൊരു റാക്കറ്റ് പ്രവർത്തിക്കുന്നതായി മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡവലപ്‍‌മെന്റ് കോർപ്പറേഷനിലുള്ള (എംഐഡിസി) പൊലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് എംഐഡിസിയിലെ കുസുംബ ഗ്രാമത്തിലെ ഫാക്ടറിയിലേക്ക് ഉദ്യോഗസ്ഥർ തിരച്ചിലിനെത്തുന്നത്.

ഫാക്ടറി ഉടമ അംജദ് അഹമ്മദ് മൻസൂരിക്കെതിരെ കേസെടുത്തിട്ടുണ്ട്. റാക്കറ്റിലുൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. ഫാക്ടറി പരിസരത്തുണ്ടായിരുന്ന മാസ്കുകൾ മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് പൊലീസ് കത്തിച്ചു.

കഴിഞ്ഞ മാർച്ചിൽ 1.5 കോടി മാസ്കുകളാണ് ദിവസവും ഉണ്ടാക്കിയിരുന്നത്. ഇന്നത് വളരെ വർധിച്ചിട്ടുണ്ട്. 2020 ജൂൺ – സെപ്റ്റംബർ കാലയളവിൽ മാത്രം 18,000 ടണ്ണിലധികം ബയോ മെഡിക്കൽ മാലിന്യമാണ് ഇന്ത്യയിൽ ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പറയുന്നു. ഇതിൽ മാസ്കുകളും ഗ്ലൗസുകളും ഉൾപ്പെടുന്നു.