സ്റ്റേഡിയത്തിനു പേരിട്ടതിന് മോദിയെ പരിഹസിച്ചു; ആളുമാറി 'സ്‌പൈഡര്‍മാന്' സൈബര്‍ ആക്രമണം

പ്രധാനമന്ത്രിയെ പരിഹസിച്ചെന്ന് കേട്ടാൽ അനുയായികള് വെറുതെ വിടില്ല. പിന്നെ പരിഹസിച്ചവർക്ക് മാത്രമല്ല അതേ പേരിൽ ഉള്ളവര്‍ക്കൊക്കെ സൈബർ ആക്രമണം നേരിടേണ്ടി വരുന്നത് പതിവാണ്. ഇത്തവണ അത്തരത്തിൽ ആക്രമണത്തിന് ഇരയായത് സാക്ഷൽ 'സ്‌പൈഡര്‍ മാന്‍' ആണ്.

ഇംഗ്ലീഷ് എഴുത്തുകാരനും ക്രിക്കറ്ററുമായ ടോം ഹോളണ്ട് മോട്ടേറ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് നരേന്ദ്ര മോദി സ്‌റ്റേഡിയം എന്ന് പേര് നല്‍കിയതിനെ പരിഹസിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇതില്‍ തുടങ്ങിയതാണ് 'സ്‌പൈഡര്‍ മാന്‍റെ' കഷ്ടകാലം.

ടോം ഹോളണ്ട് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ട്വീറ്റ് കണ്ടതോടെ ഹോളിവുഡ് നടന്‍ ടോം ഹോളണ്ടിന്റെ പിന്നാലെയായി മോദി അനുയായികള്. ബിജെപി- ആര്‍എസ്എസ് അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും വ്യാപക സൈബര്‍ ആക്രമണമാണ് ഇപ്പോൾ താരത്തിന് നേരെ.

നടന്‍ നായകനായി പുറത്തിറങ്ങാനിരിക്കുന്ന സ്‌പൈഡര്‍ മാന്‍ 3 സിനിമ ബാന്‍ ചെയ്യണമെന്ന് പറഞ്ഞാണ് പ്രചാരണം നടന്നത്.

ബോയ്‌കോട്ട് സ്‌പൈഡര്‍മാന്‍ എന്ന ഹാഷ് ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിംഗായി. ടോം ഹോളണ്ട് അന്താരാഷ്ട്ര ഗൂഡാലോചനയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നു. ഇതിനിടെ ട്വീറ്റ് ചെയ്ത ഹോളണ്ട് ഇതല്ലെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടി. ഇത് അനുബന്ധിച്ച് നരവധി ട്രളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.