കോണ്‍ഗ്രസ് വിട്ട് ഗോഡ്സെ പ്രചാരകനായി; ബാബുലാൽ വീണ്ടും കോൺഗ്രസിൽ

മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയുടെ സന്ദേശങ്ങളുടെ പ്രചാരകനായ നേതാവ് ഒടുവിൽ കോൺഗ്രസിൽ ചേർന്നു. മധ്യപ്രദേശ് മുൻമുഖ്യമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ കമൽനാഥിന്റെ നേതൃത്വത്തിലാണ് ബാബുലാൽ ചൗരസ്യയുടെ കോൺഗ്രസ് പ്രവേശനം. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നീക്കം ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. മുൻപ് കോൺഗ്രസ് വിട്ട് ഹിന്ദുമഹാസഭാ പ്രവർത്തകനും നേതാവുമായിരുന്നു ബാബുലാൽ. 

2019ൽ ഗോഡ്സേയുടെ അവസാന കോടതി മൊഴി ഒരുലക്ഷം പേരിലേക്ക് എത്തിക്കുമെന്ന് ഇയാൾ പറഞ്ഞിരുന്നു. പിന്നീട് ഗോഡ്​സെ ആശയങ്ങളുടേയും ബന്ധപ്പെട്ട പരിപാടികളുടേയും സജീവ പങ്കാളിയായി പ്രവർത്തിക്കുകയും ചെയ്തു. ഇപ്പോൾ വീണ്ടും മനസ് മാറ്റി കോൺഗ്രസിലേക്ക് തിരികെയെത്തുകയാണ് ഈ നേതാവ്. തന്റെ പിതാവിനെ വധിച്ചവർക്ക് രാഹുൽ ഗാന്ധി മാപ്പുനൽകിയത് ചൂണ്ടിക്കാട്ടിയാണ് ബാബുലാലിനെ തിരിച്ചെടുത്ത നടപടിയെ കോൺഗ്രസ് നേതാവ് താരതമ്യം ചെയ്തത്. വരാനിരിക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഗ്വാളിയോർ-ചമ്പൽ ബാബുലാലിന്റെ വരവ് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. 

അന്ന് തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നെന്നും മറ്റുള്ളവർ എന്നെ അതിലേക്ക് തള്ളിവിടുകയായിരുന്നെന്നുമാണ് ഗോഡ്​സെ പ്രചാരകനായി മാറിയതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചത്.