നേപ്പാളിൽ പെട്രോളിന് 69, ഡീസലിന് 58; ഇന്ത്യക്കാർ കന്നാസുമായി അതിർത്തി കടക്കുന്നു

ജനത്തെ വലച്ച് ഇന്ധനവില രാജ്യത്ത് ദിനം പ്രതി വർധിക്കുകയാണ്. പ്രതിഷേധങ്ങളും രോഷവും ഉയർന്നിട്ടും ഒരു ഇടപെടലുകളും കേന്ദ്രസർക്കാർ നടത്തുന്നില്ല. ഇതോടെ അതിർത്തി സ്ഥലങ്ങളിലെ ജനങ്ങൾ നേപ്പാളിൽ പോയി ഇന്ധനം കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കൂട്ടുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ പെട്രോൾ ലിറ്ററിന് നൂറുരൂപയിലേക്ക് അടുക്കുകയാണ്. ചിലിയിടങ്ങളിൽ നൂറ് കടക്കുകയും ചെയ്തു. അതേ സമയം നേപ്പാളിൽ പെട്രോളിന് 69 രൂപയും ഡീസലിന് 58 രൂപയുമാണ്.

ഇതോടെ അനധികൃതയമായി ഇന്ധനകടത്തും അതിർത്തി മേഖലകളിൽ വ്യാപകമാണ്. ഇരുചക്രവാഹനങ്ങളിലും സൈക്കിളിലും നേപ്പാളിലേക്ക് പോയി അവിടെ നിന്നും വലിയ കന്നാസുകളിൽ പെട്രോൾ വാങ്ങി ഇന്ത്യയിലേക്ക് വരുന്ന ഗ്രാമീണർ ഇപ്പോൾ പതിവ് കാഴ്ചയാണ്. ഇരുരാജ്യങ്ങൾക്കുമിടയിൽ നിയന്ത്രണങ്ങൾ കുറവായതിനാൽ യാത്രാവിലക്കുമില്ല. ഇതോടെയാണ് ഇന്ധനവിലയിൽ നിന്നും രക്ഷതേടാൻ ചിലർ രാജ്യം കടക്കുന്നത്. കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കൊണ്ടുവരുന്ന നേപ്പാൾ ഇന്ധനം ലാഭത്തിൽ ഇന്ത്യയിൽ മറിച്ച് വിൽക്കുന്നതും ഇപ്പോൾ പതിവ് കാഴ്ചയാണ്.

അതേസമയം രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ പെട്രോള്‍വില 100.07 രൂപയായി . ഒഡീഷയിലെ മൽക്കാൻഗിരിയിൽ ഡീസല്‍ ലിറ്ററിന് 91.62 രൂപയായി. രാജ്യാന്തര വിപണിയില്‍ അസംസ്കൃത  എണ്ണ വില ഇന്നലെയും വര്‍ധിച്ചു. ബാരലിന് 63.56 ഡോളറായാണ് വില കൂടിയത്.