‘മൻ കി ബാത്തി’നല്ല; ഞാന്‍ വന്നത് നിങ്ങളെ കേള്‍ക്കാന്‍: തമിഴകത്ത് രാഹുൽ

താൻ തമിഴ്നാട്ടിൽ വന്നത് മൻ കി ബാത്ത് സംഘടിപ്പിക്കാനല്ലെന്നും മറിച്ച് ജനങ്ങൾ പറയുന്നത് കേട്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉന്നമിട്ടാണ് രാഹുലിന്റെ പരാമർശം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് അദ്ദേഹം തമിഴ്നാട്ടിൽ എത്തിയത്. ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് കർഷകർ റിപ്പബ്ലിക്ക് ദിനാഘോഷത്തിന് റാലി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു. കർഷകർക്ക് അവകാശപ്പെട്ടത് അവരിൽ നിന്ന് തട്ടിമാറ്റിയെടുത്തതാണ് അവരെ പ്രകോപിപ്പിച്ചതെന്നും രാഹുൽ പറ‍ഞ്ഞു.  

'ഞാനിവിടെ വന്നിരിക്കുന്നത് എന്റെ കാര്യങ്ങൾ മൻ കി ബാത്തെന്ന പേരിൽ പറയാനോ നിങ്ങൾ എന്തു ചെയ്യണമെന്ന് പറയാനോ അല്ല. നിങ്ങളെ കേൾക്കാനാണ് ഞാൻ വന്നിരിക്കുന്നത്. കേട്ട് മനസിലാക്കി, അതനുസരിച്ച് പ്രശ്നങ്ങൾ പരിഹരിക്കാനാണ് എന്റെ വരവ്’– ജനങ്ങളെ അഭിസംബോധന ചെയ്തു രാഹുൽ പറഞ്ഞു. 

തമിഴ്നാടിന്റെ ജനങ്ങളേയും ഭാഷയേയും സംസ്കാരത്തേയും അനാദരിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്ന് രാഹുൽ നേരത്തേ വിമര്‍ശിച്ചിരുന്നു. ഇതിനു വിപരീയമായി താനും തന്റെ പാർട്ടിയും തമിഴ്നാട്ടിനെ ചേർത്തുനിർത്തുമെന്ന് രാഹുൽ പ്രസ്താവിച്ചു. ഇതിനു പുറമേ ആര്‍എസ്എസിനെതിരേയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ആർഎസ്എസിൽ പുരുഷാധിപത്യവും സ്വേച്ഛാധിപത്യവും മാത്രമാണുളളതെന്നാണ് രാഹുൽ പറഞ്ഞത്.