റിപ്പബ്ലിക് ദിന പരേഡിൽ മുഴങ്ങും ‘സ്വാമിയേ ശരണമയ്യപ്പ’; വിഡിയോ

ജനുവരി 26ന് രാജ്‌പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ‘സ്വാമിയേ ശരണമയ്യപ്പ’ മുഴങ്ങും. നമ്മുടെ 861 ബ്രഹ്മോസ് റജിമെന്റിസന്റെ കമന്റാണ് സ്വാമിയേ ശരണമയ്യപ്പ എന്നത്. ജനുവരി 15ന് ആർമിദിനത്തിൽ ഡൽഹിയിൽ നടന്ന പരേഡിൽ ബ്രഹ്മോസ് അതിന്റെ കാഹളമായി സ്വാമിയേ ശരണമയ്യപ്പ മുഴക്കിയിരുന്നു. ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വിഡിയോ കാണാം.

ഇന്ത്യൻ സൈന്യത്തിൽ പുതുതായി ഉൾപ്പെടുത്തിയ റഫാൽ യുദ്ധവിമാനങ്ങളും റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കും. ‘വെർട്ടിക്കൽ ചാർലി’ ഘടനയിലാകും റഫാലിന്റെ പരേഡെന്ന് വ്യോമസേന അറിയിച്ചു. താഴ്ന്ന ഉയരത്തിൽ പറക്കുകയും ലംബമായി മുകളിലേക്കു കുതിക്കുകയും ചെയ്യുന്ന വിമാനം ഉയരത്തിൽവച്ച് പ്രകടനങ്ങൾ നടത്തുന്ന രീതിയാണു വെർട്ടിക്കൽ ചാർലി.

ഒരു റഫാൽ വിമാനമാകും പരേഡിനുണ്ടാവുക. വ്യോമസേനയുടെ 38 വിമാനങ്ങളും ഇന്ത്യൻ സൈന്യത്തിന്റെ നാല് വിമാനങ്ങളും ഫ്ലൈപാസ്റ്റിൽ പങ്കെടുക്കുമെന്നും വിങ് കമാൻഡർ ഇന്ദ്രാനിൽ നന്ദി പറഞ്ഞു. കിഴക്ക്, പടിഞ്ഞാറന്‍ അതിര്‍ത്തികള്‍ സംഘര്‍ഷഭരിതമായിരിക്കുന്ന സാഹചര്യത്തില്‍ റഫാല്‍ യുദ്ധവിമാനത്തില്‍നിന്നു തൊടുക്കുന്ന ദീര്‍ഘദൂര ക്രൂയിസ് മിസൈലുകളുടെ പ്രഹരശേഷി അടുത്തിടെ വ്യോമസേന വർധിപ്പിച്ചിരുന്നു.

ഫ്രാൻസിൽനിന്ന് ഇന്ത്യ വാങ്ങുന്ന 36 റഫാൽ വിമാനങ്ങളിൽ എട്ടെണ്ണമാണ് എത്തിയിട്ടുള്ളത്. ഈ വർഷം അവസാനത്തോടെ ബാക്കിയുള്ളവയും സൈന്യത്തിന്റെ ഭാഗമാകും. അംബാല വ്യോമതാവളത്തിലെ നമ്പർ 17 ‘ഗോൾഡൻ ആരോസ്’ സ്ക്വാഡ്രനിലാണു റഫാലുള്ളത്. 9.3 ടണ്‍ ആയുധങ്ങള്‍ വഹിക്കാൻ ശേഷിയുള്ള റഫാലിന് അത്യാധുനിക റഡാര്‍, ഉയര്‍ന്ന മേഖലകളില്‍നിന്ന് ടേക്ക് ഓഫ് ചെയ്യാനുള്ള ശേഷി, ശത്രു മിസൈലുകള്‍ വഴിതിരിച്ചു വിടാനുള്ള സാങ്കേതികവിദ്യ തുടങ്ങിയ നിരവധി സവിശേഷതകളുണ്ട്.