വാക്സീന്‍ സ്വീകരിച്ചവരില്‍ പാര്‍ശ്വഫലം കുറവ്; കണക്കുമായി ആരോഗ്യമന്ത്രാലയം

കോവിഡ് വാക്സീന്‍ സ്വീകരിച്ചവരില്‍ പാര്‍ശ്വഫലങ്ങള്‍ നന്നേ കുറവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വാക്സീന്‍ സ്വീകരിച്ചവരില്‍ 0.18ശതമാനം പേര്‍ക്ക് മാത്രമാണ് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായത്. 0.2ശതമാനം പേരെ പാര്‍ശ്വഫലങ്ങളുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 4,54,049 പേര്‍ക്ക് വാക്സീന്‍ നല്‍കിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് വളരെ വേഗത്തില്‍ കുറഞ്ഞുവരികയാണ്. ഏഴ് മാസങ്ങള്‍ക്ക് ശേഷം ആദ്യമായി ചികിത്സയിലുള്ള രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിന് താഴെയെത്തി. കേരളത്തിലും മഹാരാഷ്ട്രയിലും മാത്രമാണ് അമ്പതിനായിരത്തിലധികം രോഗികളുള്ളതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.