‘അരുണാചൽ പ്രദേശിൽ ചൈനയുടെ പുതിയ ഗ്രാമം’; നടുക്കി ഉപഗ്രഹചിത്രം; റിപ്പോർട്ട്

അരുണാചൽ പ്രദേശിൽ ചൈന പുതിയ ഗ്രാമമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്. എൻഡിടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏതാണ്ട് നൂറിലധികം വീടുകളാണ് ഈ ഗ്രാമത്തിലുളളതെന്നും 4.5 കിലോമീറ്റർ ഇന്ത്യൻ അതിർത്തിക്കുള്ളിലെ ഗ്രാമം രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നാണ് വിലയിരുത്തൽ.

സുബൻസിരി ജില്ലയിലെ സരി ഷു നദിയുടെ തീരത്തായാണ് ഗ്രാമം പണിതിരിക്കുന്നത്. ഇത് ഇന്ത്യയും ചൈനയും ഏറെ വർഷങ്ങളായി തങ്ങളുടെ ഭൂപരിധിക്കുളളിൽ കൊണ്ടുവരാൻ ശ്രമിക്കുന്ന തർക്കഭൂമിയാണ്. ഹിമാലയത്തിന്റെ കിഴക്കായാണ് ഗ്രാമത്തിന്റെ സ്ഥാനം. ഇവിടെ ഇന്ത്യയുടേയും ചൈനയുടേയും സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടുക പതിവാണെന്നതും ശ്രദ്ധേയമാണ്.

നവംബറിലെ ചിത്രത്തിലാണ് ഗ്രാമമുളളത്. 2019ലെ ചിത്രത്തിൽ ഇങ്ങനെയൊരു ഗ്രാമത്തിനെക്കുറിച്ചുളള താതൊരു സൂചനകളുമില്ല. ഇതിനെക്കുറിച്ച് വ്യക്തമായ പ്രതികരണം വിദേശകാര്യ മന്ത്രാലയവും നൽകിയിട്ടില്ല. അതിർത്തിയിലെ വികസനം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ െചയ്യാനുണ്ടെന്ന് കേന്ദ്ര സർക്കാർ പ്രതികരിച്ചു.

റോഡുകൾ, പാലങ്ങൾ എന്നിവ നിർമിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ചൈന എഴുപതോളം കിലോമീറ്റർ സുബൻസിരിയിൽ ഇതിനോടകം കൈവശപ്പെടുത്തിയിട്ടുണ്ടെന്നും അരുണാചൽ പ്രദേശിലെ ബിജെപി എംപി തപിര്‍ ഗാവോ പറഞ്ഞു.