പാർവതി നദിയിൽ നിധിവേട്ട; സ്വർണവും വെള്ളിയും കുഴിച്ചെടുക്കാൻ പട

നദിയിൽ നിധി വേട്ടയ്ക്കിറങ്ങി ഗ്രാമവാസികൾ. മധ്യപ്രദേശിലെ രാജ്ഘർ ജില്ലയിലൂടെ ഒഴുകുന്ന പാർവതി നദിയിലാണ് ജനങ്ങള്‍ നിധിവേട്ടയ്ക്കിറങ്ങിയത്. ശിവപുര, ഗരുഡപുര എന്നീ ഗ്രാമങ്ങളിലെ ജനങ്ങളാണ് നിധി കുഴിച്ചെടുക്കാനായി നദീതീരത്ത് എത്തിച്ചേർന്നത്

എട്ടുദിവസം മുൻപ് കുറച്ച് മത്സ്യത്തൊഴിലാളികൾക്ക് ഇവിടെ നിന്നും മുഗൾ കാലത്തുപയോഗിച്ചിരുന്ന നാണയങ്ങൾ കിട്ടിയിരുന്നു. ഈ വാർത്തയറിഞ്ഞതു മുതലാണ് നിധി തേടി ജനങ്ങൾ നദീതീരത്തേക്കെത്തിയത്. മുഗൾ കാലത്ത് ഒളിപ്പിച്ചിരുന്ന നിധി നദിയിലുണ്ടെന്ന വാർത്ത പരന്നതോടെയാണ് ജനക്കൂട്ടം നിധിതേടി ഉണങ്ങിവരണ്ട പാർവതി നദിയുടെ തീരങ്ങൾ കുഴിച്ചു തുടങ്ങിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി പൊലീസും രംഗത്തെത്തിയിട്ടുണ്ട്. 

പുരാവസ്തു വകുപ്പും ഇതേക്കുറിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ച നാണയങ്ങൾ ചെമ്പിലും വെങ്കലത്തിലും തീർത്തതാണെന്നും അവയ്ക്ക് വിലയില്ലെന്നും പുരാവസ്തു വകുപ്പ് വ്യക്തമാക്കി. പൊലീസ് സംഭവത്തെക്കുറിച്ച് വിശദീകരിച്ചെങ്കിലും ഗ്രാമവാസികൾ ഇതൊന്നും കേൾക്കാൻ തയാറാകാതെ നിധിവേട്ട തുടരുകയാണ്.