കൊടും മഞ്ഞിൽ പുതഞ്ഞിട്ടും ഗർഭിണിയെ ചുമലിലേറ്റി ആശുപത്രിയിലെത്തിച്ച് സൈനികർ; നൻമ

കടുത്ത മഞ്ഞു വീഴ്ചയ്ക്കിടെയും ഗർഭിണിയെ ചുമന്ന് ആശുപത്രിയിലെത്തിച്ച് സൈനികർ. കുപ്​വാരയിലെ കരാൽപുരയിലെ സൈനികരാണ് വടക്കൻ കശ്മീരിലെ  ടങ്മാർഗ് ഗ്രാമത്തിലെ ഗർഭിണിക്ക് സഹായവുമായെത്തിയത്. കാൽമുട്ട് പുതയുന്നത്ര മഞ്ഞിലാണ് യുവതിയെ സ്ട്രെച്ചർ സൗകര്യമൊരുക്കി സൈനികർ തോളിലേറ്റിയത്. 

പ്രസവ വേദനയെത്തിയ ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ മറ്റ് മാർഗമില്ലെന്ന് ബോധ്യമായതോടെയാണ് സൈനികരുടെ സഹായം തേടാൻ ഭർത്താവ് തീരുമാനിച്ചത്. സംഭവത്തിന്റെ ഗൗരവം മനസിലാക്കി സൈനികർ ആരോഗ്യപ്രവർത്തകനുമായി സ്ഥലത്തെത്തി. രണ്ട് കിലോമീറ്ററിലേറെ കൊടും മഞ്ഞിലൂടെ ഗർഭിണിയെ ചുമന്നാണ് സൈനികർ റോഡിലെത്തിച്ചത്. സമീപത്തെ ആശുപത്രിയിൽ സൈനികർ തന്നെ വിവരം അറിയിച്ചതിനെ തുടർന്ന് മതിയായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. വൈകാതെ യുവതി പ്രസവിക്കുകയും ചെയ്തു. 

അമ്മയും കുഞ്ഞും സുരക്ഷിതരായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കശ്മീരിൽ കഴിഞ്ഞ വർഷവും സൈന്യം ഗർഭിണിയായ സ്ത്രീയെ സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് സൈനികർ യുവതിയെ സ്ട്രെച്ചറിലാക്കി കൊണ്ടുപോകുന്ന വിഡിയോ പങ്കുവച്ചത്.