കാപ്പിച്ചെടികൾ നിറഞ്ഞു കായ്ച്ചു; അതിജീവനം, തിരിച്ചുവരവ്

രണ്ടു വര്‍ഷത്തെ പ്രളയത്തിനും കോവിഡ് കാലത്തിനും ശേഷം  മികച്ച വിളവ് നല്‍കി കുടകിലെ കാപ്പിത്തോട്ടങ്ങള്‍.  മലയാളികളായ നൂറുകണക്കിന് കര്‍ഷകരാണ് കുടകില്‍ കാപ്പിയും കുരുമുളകും കൃഷിചെയ്യുന്നത്. മികച്ച കാലാവസ്ഥക്കൊപ്പം നല്ല വിലകൂടി ലഭിച്ചതോടെ കോവിഡ് കാലത്തെ പ്രതിസന്ധി അതിജീവിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

വിളഞ്ഞുനില്‍ക്കുന്ന കാപ്പിത്തോട്ടങ്ങള്‍ ചിലകാലങ്ങളില്‍ കര്‍ഷകര്‍ക്ക് തിരിച്ചടി നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ മികച്ചവില വിപണയില്‍ ഉറപ്പായതോടെ പ്രതീക്ഷയിലാണ് കുടകിലെ കാപ്പിത്തോട്ടങ്ങളിലെ വിളവെടുപ്പ്. രണ്ടുവര്‍ഷത്തെ പ്രളയത്തിലും പ്രകൃതിക്ഷോഭത്തിലും കര്‍ഷകര്‍ക്ക് കനത്ത നഷ്ടം സംഭവിച്ചിരുന്നു. ഇതെല്ലാം ഇത്തവണത്തെ വിളവെടുപ്പിലൂടെ മറികടക്കാമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. കാപ്പിക്കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥ ഇത്തവണത്തെ വിളവ് കൂട്ടി. കാപ്പിച്ചെടികള്‍ നിറഞ്ഞു കായ്ച്ചു. 

കോവിഡ് കാലത്ത് യാത്രതടസം ഉണ്ടായതും ജോലിക്കാരുടെ  പ്രശ്നങ്ങളും നേരിട്ടെങ്കിലും കര്‍ഷകര്‍ അതിനെയെല്ലാം അതിജീവിച്ച് കാപ്പിത്തോട്ടങ്ങളില്‍ വിളവെടുപ്പ് തുടരുകയാണ്. കാപ്പിയും ഓറഞ്ചും കുരുമുളകും ചേര്‍ന്ന സമ്മിശ്രകൃഷിയാണ് കുടകിലെ തോട്ടങ്ങല്‍ പിന്തുടരുന്നത്. ഓറഞ്ച് വിളവെടുപ്പിന് ശേഷം കാപ്പി. അതുകഴിഞ്ഞാല്‍ കുരുമുളക്. പകല്‍ സമയങ്ങളില്‍ പോലും തണുപ്പുള്ള കാലവസ്ഥമാണ് കുടക് പ്രദേശങ്ങളില്‍. കുടകില്‍ ഭൂമി പാട്ടത്തിനെടുത്ത് ഒട്ടേറെ മലയാളികള്‍ കൃഷിയിറക്കിയിട്ടുണ്ട്. വയനാട്, കണ്ണൂര്, കാസര്‍കോട് ജില്ലകളിലെ നിരവധി തൊഴിലാളികളാണ് കുടകിലെ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നത്.