ബംഗാൾ ഗവർണറെ കണ്ട് ഗംഗുലി; മമതയെ തുരത്താൻ ദാദയോ?; ചർച്ച

മമതയെ തുരത്തി എങ്ങനെയും ബംഗാൾ പിടിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ മുന്നോട്ടുപോവുകയാണ് ബിജെപി. തമിഴ്നാട്ടിൽ രജനികാന്തിനെ ഇറക്കി കളം പിടിക്കുക എന്നതാണ് മോദി–ഷാ തന്ത്രം എന്ന അഭ്യൂഹം ശക്തമാണ്. അതുപോലെ ബംഗാളിൽ വലിയ ട്വിസ്റ്റ് സമ്മാനിക്കുമോ സൗരവ് ഗാംഗുലി എന്ന ചോദ്യം ഇപ്പോൾ ശക്തമാവുകയാണ്. രാഷ്ട്രീയത്തിലേക്കെന്ന അഭ്യൂഹങ്ങള്‍ക്കിടെ സൗരവ് ഗാംഗുലി ബംഗാള്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്. പ്രഖ്യാപനം ഒന്നും ഇല്ലെങ്കിലും ഗാംഗുലിയുടെ ഈ കൂടിക്കാഴ്ച രാഷ്ട്രീയ ചർച്ചകൾക്ക് വളമാവുകയാണ്. കൂടിക്കാഴ്ചക്ക് ശേഷം ഗാംഗുലി മാധ്യമങ്ങളോട് പ്രതികരിച്ചതുമില്ല.

'ഉപചാരപൂർവ്വമുള്ള ക്ഷണം' എന്നാണ് സൗരവ് ഗാംഗുലി ഈ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഒരുപാട് വിഷയങ്ങൾ ഞങ്ങൾ ചർച്ചചെയ്തുവെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും പറയുന്നു. 'ഇന്ന് വൈകുന്നേരം ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയുമായി വിവിധ വിഷയങ്ങളില്‍ ആശയവിനിമയം നടത്തി. 1864-ല്‍ സ്ഥാപിതമായ രാജ്യത്തെ ഏറ്റവും പഴയ ക്രിക്കറ്റ് മൈതാനമായ ഈഡന്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കാനുള്ള അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചു', ഗാംഗുലിക്കൊപ്പമുള്ള ഫോട്ടോയോടൊപ്പം ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.