ഗോപാഷ്ടമി നാൾ; മധ്യപ്രദേശിൽ ‘പശു ക്യാബിനറ്റ്’; അധ്യക്ഷത വഹിച്ച് മുഖ്യമന്ത്രി

മധ്യപ്രദേശിൽ പുതുതായി രൂപം നൽകിയ പശു ക്യാബിനറ്റിന്റെ ആദ്യ യോഗം ചേർന്നു. ഞായറാഴ്ച ഓൺലൈനായി ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അധ്യക്ഷത വഹിച്ചു. കൃഷ്ണന്റേയും പശുക്കളുടേയും ഉത്സവ ദിവസമായ ഗോപാഷ്ടമി നാളിലാണ് യോഗം ചേർന്നത്.

പശുക്കളുടെ സംരക്ഷണത്തിനും ഗ്രാമീണ സാമ്പത്തികവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുമാണ് പശു ക്യാബിനറ്റ് രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ്, ഗ്രാമീണ വികസനം, കര്‍ഷക ക്ഷേമ വകുപ്പ് എന്നിവ ക്യാബിനറ്റിന്റെ ഭാഗമാണ്. പശുവളർത്തലിലൂടെയും സംരക്ഷണത്തിലൂടെയും ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുകയെന്നതും ക്യാബിനറ്റിന്റെ ലക്ഷ്യമാണ്.

ക്യാബിനറ്റ് രൂപീകരിച്ചത് മധ്യപ്രദേശ് സര്‍ക്കാരിന്റെ അഭിമാന നേട്ടമായാണ് ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്. മൃഗക്ഷേമം, ഗ്രാമവികസനം തുടങ്ങി വിവിധ വകുപ്പ് മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.