കാണാതായ 76 കുട്ടികളെ കണ്ടെത്തി; ഡൽഹി പൊലീസ് ഉദ്യോഗസ്ഥക്ക് കയ്യടി

മൂന്ന് മാസത്തിനിടെ കാണാതായ 76 കുട്ടികളെ കണ്ടെത്തിയ ഡൽഹി വനിത പൊലീസ് ഉദ്യോഗസ്ഥക്ക് അപൂർവ നേട്ടം. ഔട്ട് ഓഫ് ടേൺ പ്രൊമോഷൻ വഴി സീമ ധാക്കയെ  അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ആക്കിയിരിക്കുകയാണ് ഡൽഹി പൊലീസ്. കുട്ടികളെ കണ്ടെത്തി മാതാപിതാക്കളെ ഏൽപ്പിക്കുമ്പോൾ ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ലെന്ന് സീമ ധാക്ക പ്രതികരിച്ചു.

വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ സമയ്പൂർ ബദ്ലി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ആയിരുന്നു സീമ ധാക്ക... കഠിനധ്വാനത്തിനും  ആത്മാർത്ഥതക്കുമുള്ള പ്രതിഫലമായാണ് അപൂർവ നേട്ടം സീമയെ തേടി എത്തിയിരിക്കുന്നത്. ഔട്ട് ഓഫ് ടേൺ വഴി എഎസ്ഐ പദം നൽകാൻ എന്ത് കാര്യമാണ് സീമ ചെയ്തതെന്ന് അന്വേഷിച്ചവർ ഒന്ന് അമ്പരക്കും.മൂന്ന് മാസത്തിനിടെ കാണാതായ 76 കുട്ടികളെയാണ് സീമ സുരക്ഷിതമായി രക്ഷിതാക്കളുടെ കൈയ്യിൽ തിരികെ എത്തിച്ചത്. നിരവധി വെല്ലുവിളികൾ അതിജീവിച്ചായിരുന്നു പല രക്ഷപ്പെടുത്തലുകളും..പല കുടുംബങ്ങളിലും സന്തോഷം തിരികെ എത്തിക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ കാര്യമെന്ന് സീമ ധാക്ക

കണ്ടെത്തിയ കുട്ടികളിൽ 56 പേർ 14 വയസ്സിൽ താഴെയുള്ളവരാണ്. ഡൽഹിയിൽ നിന്ന്  മാത്രമല്ല,പഞ്ചാബ്,ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നും സീമ കുട്ടികളെ കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ പലരെയും വർഷങ്ങൾക്ക് മുൻപ് കാണാതായതാണ്. ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ കാണാതായിട്ടുള്ള 3507 കുട്ടികളിൽ തിരികെ ലഭിച്ചത് 2629 പേരെ ആണെന്ന കണക്കുകൾ പുറത്തു വരുമ്പോഴാണ് സീമയുടെ അപൂർവ നേട്ടം ചർച്ചയാവുന്നത്