60 അടി താഴ്ച, കിണറിൽ വീണ് കുട്ടിയാന; ചരിത്രം സൃഷ്ടിച്ച് രക്ഷാപ്രവർത്തനം: വിഡിയോ

അറുപതടി താഴ്ചയുള്ള കിണറില്‍ വീണ ആനക്കുട്ടിയെ ക്രെയിന്‍ വച്ചു പുറത്തെടുത്തു ചരിത്രം സൃഷ്ടിച്ചിരിക്കുയാണു തമിഴ്നാട് വനംവകുപ്പ്. ധര്‍മ്മപുരി ജില്ലയിലെ  പഞ്ചവള്ളി ചിന്നാര്‍ ഡാമിനടുത്തുള്ള വയലിലെ കിണറ്റിലാണ്, ഭക്ഷണം തേടി നാട്ടിലിറങ്ങിയ കൂട്ടത്തിലെ ആനക്കുട്ടി വീണത്. 

13 മണിക്കൂറുകള്‍ നീണ്ട പ്രയത്നങ്ങള്‍ ഫലവത്താകുന്ന കാഴ്ചയാണിത്. ഒപ്പം രക്ഷാദൗത്യങ്ങളുടെ ചരിത്രത്തിലെ പുതിയ ഏടിന്റെ പിറവിയും. ബുധനാഴ്ച രാത്രിയാണു ധര്‍മ്മപുരി ജില്ലയിലെ പഞ്ചപള്ളി ചിന്നാര്‍ ഡാമിനടുത്തുള്ള  ഗ്രാമത്തിലെ വയലിലെ കിണറ്റില്‍ കുട്ടിയാന വീണത്.അറുപത് അടി താഴ്ചയുള്ള കിണറില്‍ പത്തടിയിലേറെ വെള്ളം. കോണ്‍ക്രീറ്റിട്ട് ബലപെടുത്തിയ കിണര്‍. പതിവ് രക്ഷാപ്രവര്‍ത്തനങ്ങളൊന്നും നടക്കില്ലെന്ന് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വനപാലകര്‍ ആദ്യമേ തിരിച്ചറിഞ്ഞു. പലതരത്തിലുള്ള ആലോചനകള്‍ക്കു ശേഷമാണ് ക്രെയിന്‍ വച്ചു ഉയര്‍ത്തിയെടുക്കാന്‍ തീരുമാനമായത്.

ആദ്യം ക്രയിന്‍ വഴി വനപാലകര്‍ കിണറ്റില്‍ ഇറങ്ങി. ആനയ്ക്കു മയക്കുമരുന്നു കുത്തിവച്ചു. പിന്നീട് പ്രത്യേക ബെല്‍റ്റുകള്‍ കെട്ടി ക്രയിന്‍ വച്ചു പതുക്കെ ഉയര്‍ത്തുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ തുടങ്ങിയ രക്ഷാപ്രവര്‍ത്തനം  അവസാനിക്കുമ്പോള്‍ മണിക്കൂറുകള്‍ 13 പിന്നിട്ടിരുന്നു. പരുക്കേറ്റ ആനക്കുട്ടിയെ സമീപത്തെ പറമ്പില്‍ വടം കെട്ടി തളച്ചിരിക്കുക്കുകയാണ്. ചികില്‍സകള്‍ക്കുശേഷം കാട്ടിലേക്കു വിട്ടയക്കാനാണ് തീരുമാനം.