ബിഹാര്‍ തിരഞ്ഞെടുപ്പ് അങ്കം മുറുക്കാൻ മോദി; 12 റാലികളില്‍ പങ്കെടുക്കും

കോവിഡ് പ്രതിസന്ധി മൂലം മരവിച്ച ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ ആവേശത്തിലാക്കാന്‍ പ്രധാനമന്ത്രിയെത്തുന്നു. 12 റാലികളില്‍ മോദി പങ്കെടുക്കും. അതിനിടെ, മോദിയോടുള്ള വിധേയത്വം ആവര്‍ത്തിച്ച് വിശദീകരിച്ച് ബിജെപിയെ വെള്ളംകുടിപ്പിക്കുകയാണ് എല്‍ജെപി നേതാവ് ചിരാഗ് പസ്വാന്‍.

28നാണ് ആദ്യഘട്ട വിധിയെഴുത്ത്. പ്രചാരണരംഗം ഇനിയും സജീവമായിട്ടില്ല. അടുത്ത വെള്ളിയാഴ്ച്ച മോദിയുടെ പ്രചാരണത്തിന് ഇറങ്ങുന്നതോടെ കളിമാറുമെന്നാണ് ബിജെപി ക്യാംപ് പറയുന്നത്. പ്രധാനമന്ത്രി 12 റാലികളില്‍ പങ്കെടുക്കും. സാസാറാമിലും ഗയയിലും ഭാഗല്‍പുരിലുമാണ് ആദ്യ റാലികള്‍. സാമൂഹിക അകലം, മാസ്ക് ധരിക്കല്‍ തുടങ്ങി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും റാലികള്‍ നടക്കുക. ജെഡിയുവും ബിജെപിയും ഒറ്റക്കെട്ടാണെന്നും നിതീഷ് കുമാര്‍ തന്നെയാണ് എന്‍ഡിഎയുടെ നേതാവെന്നും ആവര്‍ത്തിച്ച് അടിവരയിടുന്നതാകും മോദിയുടെ ഒാരോ പ്രസംഗവേദികളും. എല്‍ജെപി നേതാവ് ചിരാഗ് പസ്വാന്‍ ജെഡിയുവിനെതിരെ മല്‍സരിക്കുന്നത് രഹസ്യധാരണയുടെ ഭാഗമായിട്ടല്ലെന്ന് ആണയിടുകയാണ് ബിജെപി

പ്രചാരണത്തിന് മോദിയുടെ ചിത്രങ്ങളുപയോഗിക്കില്ലെന്നും പ്രധാനമന്ത്രി തന്‍റെ ഹൃദയത്തിലാണെന്നും ചിരാഗ് മറുപടി നല്‍കി. താന്‍ മോദിയുടെ ഹനുമാനാണെന്നും നെഞ്ചു പിളര്‍ന്ന് കാണിക്കാമെന്നും ചിരാഗ് പറഞ്ഞതോടെ ശരിക്കും ബിജെപി വെട്ടിലായി.