ഉയര്‍ന്ന ജാതിക്കാരന്റെ പറമ്പില്‍ ആട് കയറി; ദലിതനെ കാലുപിടിച്ച് മാപ്പ് പറയിച്ചു; അറസ്റ്റ്

തമിഴ്നാട് തൂത്തുക്കുടിയില്‍ ഉയര്‍ന്ന ജാതിക്കാരന്റെ പറമ്പില്‍ ആട് കയറിയതിന്റെ പേരില്‍  ദലിതനെ കാലുപിടിച്ചു മാപ്പ് പറയിച്ചു. സംഭവത്തില്‍ തേവര്‍  വിഭാഗത്തില്‍പെട്ട  ഏഴുപേര്‌ അറസ്റ്റിലായി.

ഇങ്ങിനെ കാലുപിടിച്ചു മാപ്പുപറയിപ്പിക്കാന്‍ പോള്‍ രാജെന്ന നാലുകുട്ടികളുടെ അച്ഛന്‍ ചെയ്ത തെറ്റ് എന്തെന്നുകൂടി അറിയണം . വളര്‍ത്തുന്ന ആട് ഉയര്‍ന്ന ജാതിയില്‍ പെട്ട  സങ്കിലി തേവരുടെ പറമ്പില്‍ മേഞ്ഞുവെന്നതാണു കുറ്റം. മനപ്പൂര്‍വമല്ല കയറഴിഞ്ഞുപോയി ആട് പറമ്പില്‍ കടന്നതായിരുന്നു. ഇതുസംബന്ധിച്ചു പോള്‍ രാജും സങ്കിലി തേവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പണിക്കാരെ കൂട്ടി സങ്കിലി തേവര്‍ പോള്‍രാജിനെ മര്‍ദിച്ചു.  പോള്‍ രാജും തിരിച്ചു അടിച്ചു. ദലിതനായ പോള്‍ രാജ് സങ്കിലിയെ തല്ലിയത് തേവര്‍ സമുദായത്തിന്  അപമാനമായി തോന്നി. തുടര്‍ന്നാണ് തേവര്‍ വിഭാഗത്തിലെ ആളുകള്‍ സംഘടിച്ചു  പോള്‍രാജിനെ നേരത്തെ തര്‍ക്കമുണ്ടായ സ്ഥലത്തേക്കു വിളിച്ചുകൊണ്ടുവന്ന കാല്‍ തൊട്ടു മാപ്പുപറയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവം മാപ്പുപറയിച്ചവര്‍ തന്നെ ഫോണില്‍ ചിത്രീകരിച്ചു  സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണു പുറം ലോകം അറിയുന്നത്.  മേല്‍ജാതിക്കാരോട് കളിച്ചാല്‍ ഇങ്ങിനെയിരിക്കുമെന്ന മുന്നറിയിപ്പോടെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോള്‍ രാജ് പൊലീസിനെ സമീപിച്ചു. തുടര്‍ന്നാണ് സങ്കിലി തേവര്‍ അടക്കം ഏഴു പേര്‍ അറസ്റ്റിലായി. പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമം, ഐ.ടി നിയമം, കലാപത്തിനു ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തിരിക്കുന്നത്. ചിദംമ്പരത്തു ദലിത് വനിത പഞ്ചായത്തു പ്രസിഡന്റിന് കസേര നിഷേധിച്ച സംഭവം ദിവസങ്ങള്‍ക്കു മുമ്പാണ് പുറം ലോകം അറിഞ്ഞത്